മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളെത്തുടര്‍ന്നുള്ള കേസില്‍ സ്വത്തുക്കള്‍ ജപ്തി ചെയ്തപ്പോള്‍ ലീഗ് പഞ്ചായത്ത് മെമ്പറും കുടുങ്ങി. സംഭവം നിയമപരമായി നേരിടുമെന്നു ഇരയാക്കപ്പെട്ട മലപ്പുറം എടരിക്കോട് അഞ്ചാം വാര്‍ഡ് അംഗം ക്ലാരി സ്വദേശി ചെട്ടിയംതൊടി അഷ്‌റഫ് അറിയിച്ചു.
അദ്ദേഹത്തിന്റെ 6.46 ആര്‍സ് സ്ഥലമാണ് കണ്ടുകെട്ടിയത്. തിരൂരങ്ങാടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ സംഘവും കോട്ടക്കല്‍ പോലീസും എത്തിയാണ് നടപടി പൂര്‍ത്തിയാക്കിയത്. യഥാര്‍ത്ഥത്തില്‍ ഇതേ വിലാസത്തിലുള്ള മറ്റൊരു അഷ്‌റഫ് ആണത്രേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍. റവന്യു അധികൃതര്‍ക്ക് ലഭിച്ച രേഖ പ്രകാരമാണു നടപടി സ്വീകരിച്ചതെന്നു തഹസില്‍ദാര്‍ അറിയിച്ചു. സംഭവത്തില്‍ പരാതി നല്‍കുമെന്ന് അഷ്‌റഫ് പറഞ്ഞു. നടപടികള്‍ക്കായി എത്തിയപ്പോള്‍ തന്നെ അധികൃതരോട് അഷ്‌റഫും നാട്ടുകാരും വിവരം ധരിപ്പിച്ചിരുന്നു. യഥാര്‍ഥ പ്രതിയുടെ ഫോട്ടോയും വിലാസവും ഉള്‍പ്പെടെ പോലീസില്‍ വിവരം ഉണ്ടായിട്ടും റവന്യൂ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നെന്ന് അഷ്‌റഫ് ആരോപിച്ചു.
ഹൈക്കോടതിയുടെ അന്ത്യശാസനം ഉള്ളതിനാല്‍ സാധാരണയുള്ള ജപ്തി നടപടികള്‍ സ്വീകരിച്ചല്ല കണ്ടു കെട്ടിയത്. സാധാരണ ദിവസങ്ങള്‍ക്ക് മുമ്പ് നോട്ടീസ് നല്‍കി ആക്ഷേപവും പരാതിയും അറിയിക്കാന്‍ സമയം നല്‍കിയാണ് ജപ്തി നടപടി ചെയ്യുന്നത്. എന്നാല്‍ ഇത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. ഇത് കാരണം നടപടിക്ക് വിധേയരായവര്‍ക്ക് അവരുടെ ഭാഗം അറിയിക്കാന്‍ പറ്റിയില്ല. ഇതു കാരണം ഒട്ടേറെ നിരപരാധികളുടെ സ്വത്തും കണ്ടു കെട്ടിയവയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. തിരൂരങ്ങാടിയില്‍ സ്വത്ത് കണ്ടുകെട്ടിയ ചെമ്മാട് സി.കെ. നഗര്‍ സ്വദേശി മറ്റൊരു സംഘടനയുടെ പ്രവര്‍ത്തകന്‍ ആണെന്നും ഇദ്ദേഹം നിരപരാധി ആണെന്നും നാട്ടുകാര്‍ പറയുന്നു.

