ബയ്ജിങ്: ചൈനയിലെ ആശുപത്രികളില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 13,000 ത്തോളം കോവിഡ് മരണങ്ങള്‍. ജനസംഖ്യയില്‍ ഭൂരിഭാഗവും ഇതിനകം കോവിഡ് വൈറസ് ബാധിച്ചതായി ചൈനീസ് ആരോഗ്യ വിഭാഗത്തിലെ ഉന്നതര്‍ വെളിപ്പെടുത്തി. കോവിഡ് ബാധിച്ച് 60,000 ത്തോളം പേര്‍ ആശുപത്രികളില്‍ മരിച്ചതായി ഒരാഴ്ച മുമ്പ് ചൈന സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ചൈനയുടെ കണക്കില്‍ ലോകത്തിനു സംശയമുണ്ടായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച 681 രോഗികള്‍ കോവിഡ് വൈറസ് മൂലമുണ്ടാകുന്ന ശ്വാസതടസം മൂലം മരിച്ചതായും ഈ കാലയളവില്‍ 11,977 പേര്‍ അണുബാധയക്കൊപ്പം മറ്റ് രോഗങ്ങളാലും മരണത്തിനു കീഴടങ്ങിയതായി ചൈന അറിയിച്ചു. വീട്ടില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) ശനിയാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഒരു സ്വതന്ത്ര നിരീക്ഷണ സ്ഥാപനമായ എയര്‍ഫിനിറ്റി ചൈനയില്‍ ദിവസേനയുള്ള കോവിഡ് മരണങ്ങള്‍ കണക്കാക്കിയിട്ടുണ്ട്. ചാന്ദ്ര പുതുവത്സര അവധിക്കാലത്ത് ഏറ്റവും ഉയര്‍ന്നത് കോവിഡ് കണക്ക് 36,000 ആണ്. രാജ്യത്ത് ഇതുവരെ 600,000-ത്തിലധികം ആളുകള്‍ കോവിഡ് മൂലം മരിച്ചതായും സ്ഥാപനം കണക്കാക്കുന്നു. ഡിസംബറില്‍ സീറോ-കോവിഡ് നയം ചൈന ഉപേക്ഷിച്ചതിനു ശേഷമാണ് കുത്തനെയുള്ള കോവിഡ് കണക്കുകള്‍ വരുന്നത്.
ചാന്ദ്ര കലണ്ടറിലെ പുതുവത്സരം ആഘോഷിക്കുന്നതിന്റെ ഭാഗമായി ദശലക്ഷക്കണക്കിനാളുകള്‍ കുടുംബാംഗങ്ങളെ കാണാന്‍ രാജ്യമാകെ യാത്ര ചെയ്തതോടെ വൈറസ് വ്യാപനം കുത്തനെ കൂടാന്‍ ഇടയാക്കിയതായും സ്ഥാപനം പറഞ്ഞു.