രേഖകളില്‍ പൊരുത്തക്കേട്; പി.വി. അന്‍വര്‍ എം.എല്‍.എ. വീണ്ടും ഇ.ഡിക്കു മുന്നില്‍

കൊച്ചി: കള്ളപ്പണ ഇടപാടു കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുമ്പില്‍ ചോദ്യംചെയ്യലിനു വീണ്ടും ഹാജരായി. മൂന്നാം വട്ടമാണ് അന്‍വര്‍ ഇ.ഡിക്കു മുന്നില്‍ ഹാജരാകുന്നത്. ചോദ്യംചെയ്യല്‍ ആറു മണിക്കൂറോളം നീണ്ടു. ഇ.ഡി. ശേഖരിച്ച രേഖകളും അന്‍വര്‍ ഹാജരാക്കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ട്. ഈ സാഹചര്യത്തിലാണു വിശദീകരണം തേടി മൂന്നാംവട്ടവും വിളിച്ചുവരുത്തിയത്.

അന്‍വറുടെ ബിസിനസ് ഇടപാടുകളുടെ രേഖകള്‍, കഴിഞ്ഞ പത്തു വര്‍ഷത്തെ പാര്‍ട്ണര്‍ ഷിപ് കരാറുകളുടെ വിവരങ്ങള്‍, പത്തു വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍, വിദേശയാത്ര വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഭൂമി സംബന്ധിച്ച വിവരങ്ങള്‍, സ്വത്ത് വിവരങ്ങള്‍ എന്നിവ ഹാജരാക്കാന്‍ ഇ.ഡി. നോട്ടീസ് നല്‍കിയിരുന്നു. അന്‍വര്‍ മുഴുവന്‍ രേഖകളും ഹാജരാക്കിയിരുന്നില്ല. 20/01/23 വെള്ളിയാഴ്ച ചോദ്യംചെയ്യലിനു ഹാജരായപ്പോള്‍ ചില യാത്രാരേഖകള്‍ നല്‍കി. അടിക്കടിയുള്ള വിദേശയാത്രകള്‍, വിദേശ നിക്ഷേപങ്ങള്‍, സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ മഞ്ചേരി സ്വദേശി മുഹമ്മദ് അന്‍വറുമായുള്ള ബിസിനസ് ബന്ധം, സിയറ ലിയോണ്‍, ശ്രീലങ്ക, മാലിദ്വീപ്, ദുബായ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കു നടത്തിയ വിവാദ യാത്രകള്‍ എന്നിവയെക്കുറിച്ച് ഇ.ഡി. വിശദാംശങ്ങള്‍ തേടിയതായാണ് വിവരം.

Share
അഭിപ്രായം എഴുതാം