കുട്ടികളുണ്ടാകാൻ ദുർമന്ത്രവാദം; യുവതിയെ മനുഷ്യാസ്ഥിയുടെ പൊടി കഴിപ്പിച്ചു; ഭർത്താവടക്കം 7 പേർ അറസ്റ്റില്‍

പൂനെ: ദുർമന്ത്രവാദത്തിന്റെ ഭാ​ഗമായി യുവതിയെക്കൊണ്ട് മനുഷ്യ അസ്ഥിയുടെ പൊടി നിർബന്ധിച്ച് കഴിപ്പിച്ചു. കുട്ടികളുണ്ടാകാനെന്ന് പറഞ്ഞാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെക്കൊണ്ട് മനുഷ്യാസ്ഥിയുടെ പൊടി കഴിപ്പിച്ചത്. പൂനെയിലാണ് സംഭവം. യുവതി പരാതി നൽകിയതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളുമുൾപ്പെടെ ഏഴ് പേർക്കെതിരെ പൂനെ പൊലീസ് കേസടുത്തു.

യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ ബന്ധുക്കൾ, മന്ത്രവാദി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 2019 ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് കുട്ടികളില്ലായിരുന്നു. കുട്ടികളുണ്ടാകാൻ വേണ്ടിയെന്ന് പറഞ്ഞാണ് യുവതിയെ ദുർമന്ത്രവാദത്തിന് ഇരയാക്കിയിരുന്നത്.

സ്ഥിരമായി അമാവാസി ദിനങ്ങളില്‍ ദുർമന്ത്രവാദത്തിന് നിർബന്ധിക്കും. ദുർമന്ത്രവാദത്തിന്റെ ഭാ​ഗമായി നിർബന്ധപൂർവ്വം ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് മനുഷ്യാസ്ഥിയുടെ പൊടി കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി യുവതി വെളിപ്പെടുത്തി.

ഏഴ് പേർക്കെതിരെ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 498 എ, 323, 504, 506 എന്നിവയ്‌ക്കൊപ്പം അന്ധവിശ്വാസ വിരുദ്ധ നിയമത്തിലെ സെക്ഷൻ 3 (നരബലിക്കെതിരെയുള്ള നിയമം) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൂനെ സിറ്റി ഡെപ്യൂട്ടി കമ്മീഷണർ സുഹൈൽ ശർമ്മ പറഞ്ഞു. മഹാരാഷ്ട്രയിലെ ദുര്‍മന്ത്രവാദ നിര്‍മാര്‍ജന നിയമം 2013 പ്രകാരവും സ്ത്രീധന പീഡന നിരോധന നിയമപ്രകാരവും ഏഴു പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം