നവകേരളം മിഷനുകൾക്ക് തളർവാതം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: നവകേരളം മിഷനുകൾക്ക് തളർവാതമെന്ന് മുന്‍ കോഡിനേറ്റര്‍ ചെറിയാൻ ഫിലിപ്പ്. ആദ്യ പിണറായി സര്‍ക്കാറിന്റെ ഭരണകാലത്ത് ആരംഭിച്ച പല ക്ഷേമ പദ്ധതികളും രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ടെന്ന ആരോപണവുമായാണ് ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയത്. ആദ്യ പിണറായി സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച നവകേരളം മിഷനുകളായ ലൈഫ്, ആർദ്രം, വിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം, റീബിൽഡ് കേരള തുടങ്ങിയ പദ്ധതികള്‍ക്കെല്ലാം പുതിയ സര്‍ക്കാറിന്റെ കാലത്ത് തളര്‍വാതം പിടിപെട്ടിരിക്കുകയാണെന്ന് മിഷനുകളുടെ കോർഡിനേറ്റർ ആയിരുന്ന ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.

പ്രളയകാലത്ത് റീബിൽഡ് കേരളയുടെ പേരിൽ കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ സമാഹരിച്ചെങ്കിലും ആ തുക സർക്കാർ വക മാറ്റി ചെലവാക്കുകയാണ് ചെയ്തതെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉയര്‍ത്തി. മിഷനുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് മിഷൻ ചെയർമാനായ മുഖ്യമന്ത്രിയോ വൈസ് ചെയർമാന്മാരായ വകുപ്പുമന്ത്രിമാരോ പഴയതു പോലെ വേണ്ടത്ര ശുഷ്കാന്തി കാട്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വിവിഝ മിഷനുകള്‍ മുന്നോട്ട് വച്ച കാര്യങ്ങളില്‍ ഒന്നുപോലും കൃത്യമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

ലൈഫ് പദ്ധതി പ്രകാരം ഗുണഭോക്താക്കളായ നാലര ലക്ഷത്തിലധികം കുടുബങ്ങളുടെ പട്ടിക ആദ്യ പിണറായി സര്‍ക്കാറിന്റെ കാലത്ത് പ്രസിദ്ധീകരിച്ചെങ്കിലും ഇതുവരെയായും ആർക്കും ആദ്യ ഗഡു പോലും നല്‍കിയിട്ടില്ല. ലൈഫ് പദ്ധതിക്ക് സർക്കാർ ഗ്രാന്റോ ഹഡ്കോ ലോണോ ഇതുവരെ അനുവദിച്ചിട്ടില്ലെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങി വെച്ച ഒരു ലക്ഷത്തോളം വീടുകളുടെയും ഫ്ലാറ്റുകളുടെയും നിർമ്മാണം ഇനിയും പൂർത്തീകരിച്ചിട്ടില്ലെന്നുമുള്ള ആരോപണമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം