ഗുജറാത്ത് കോൺഗ്രസിൽ കൂട്ട നടപടി, 38 അംഗങ്ങൾക്ക് സസ്പെൻഷൻ

ഗുജറാത്ത്: ഗുജറാത്ത് കോൺഗ്രസിൽ കൂട്ട സസ്പെൻഷൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 38 ഭാരവാഹികളെ സസ്‌പെൻഡ് ചെയ്തു. ആറ് വർഷത്തേക്കാണ് സസ്പെൻഷൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം നേരിട്ടിരുന്നു.

ഗുജറാത്ത് കോൺഗ്രസിന്റെ അച്ചടക്ക സമിതി 2023 ജനുവരി മാസം രണ്ടുതവണ യോഗം ചേർന്നിട്ടുണ്ടെന്നും ഇതുവരെ 95 പേർക്കെതിരെ 71 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പാർട്ടി കൺവീനർ ബാലുഭായ് പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാ പരാതിക്കാരെയും പ്രാദേശിക നേതാക്കളെയും 2023 ജനുവരി 19 ന് വിളിച്ചുവരുത്തി. ഹിയറിംഗിൽ പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ ശക്തമായ തെളിവുകൾ കണ്ടെത്തി. കുറ്റം തെളിഞ്ഞതിനെത്തുടർന്ന് ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ പാർട്ടി തീരുമാനിച്ചു.

“പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് 38 ഭാരവാഹികളെയും പ്രവർത്തകരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കെതിരെയും നടപടിയെടുക്കും. എട്ട് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി” പട്ടേൽ പറഞ്ഞു. കമ്മിറ്റിയിൽ ഷക്കീൽ അഹമ്മദ് ഖാൻ, നിതിൻ റൗട്ട്, സപ്തഗിരി ശങ്കർ ഉൾക്ക എന്നിവർ ഉൾപ്പെടുന്നു. ജനുവരി നാലിനാണ് ഈ കമ്മിറ്റി രൂപീകരിച്ചത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഈ സമിതിയോട് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി നേതാക്കളിൽ നിന്ന് ഗൗരവതരമായ വിവരങ്ങളാണ് ലഭിക്കുന്നതെന്ന് സമിതി നേതാക്കൾ പറയുന്നു.

പാർട്ടിയുടെ തോൽവിയുടെ കാരണം ഈ സമിതി വിശദീകരിക്കണം. ഇതോടൊപ്പം സംസ്ഥാനത്ത് സംഘടനയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളും നൽകേണ്ടതുണ്ട്. 2022 ഡിസംബർ 1, 5 തീയതികളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 156 സീറ്റുകളുടെ വൻ വിജയം നേടി സംസ്ഥാനത്ത് ഭരണം നിലനിർത്തി.

Share
അഭിപ്രായം എഴുതാം