തിരുവനന്തപുരം: കെ.പി.സി.സി. ട്രഷറർ വി. പ്രതാപചന്ദ്രന്റെ മരണം സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. കെ.പി.സി.സിയുടെ ഫണ്ട് തട്ടിച്ചെന്ന രീതിയില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രചാരണമാണു പിതാവിന്റെ മരണകാരണമെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മക്കളായ പ്രജിത്തും പ്രീതിയും നല്‍കിയ പരാതിയിലാണു മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതാപചന്ദ്രന്റെ മരണത്തെതുടര്‍ന്നു ഈ മാസം നാലിനു തന്നെ അദ്ദേഹത്തിന്റെ മക്കള്‍ ഇത്തരമൊരു പരാതി സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയിരുന്നു. കോഴിക്കോടുള്ള രണ്ടു പാര്‍ട്ടി നേതാക്കള്‍ തന്നെ നിരന്തരം അപമാനിച്ചെന്നു പ്രതാപചന്ദ്രന്‍ പറഞ്ഞിരുന്നതായും അതില്‍ മനഃക്ലേശത്തിലായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ പരാതി പിന്നീട് ഇവര്‍ തന്നെ പിന്‍വലിക്കുകയും ചെയ്തു.
കെ.പി.സി.സി. അധ്യക്ഷന്റെ ഇടപെടലിനെത്തുടര്‍ന്നാണു പരാതി പിന്‍വലിച്ചതെന്ന് അന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാഗ്ദാനം നല്‍കിയതുപോലെ പീന്നീട് കെ.പി.സി.സി. അധ്യക്ഷന്റെ ഭാഗത്തുനിന്നും വേണ്ട ഇടപെടലുകള്‍ ഉണ്ടാകാത്തതിനാലാണ് വീണ്ടും പരാതിനല്‍കേണ്ടിവരുന്നത്.

