തിരുവനന്തപുരം: ഗുണ്ടാ-മണല്‍ മാഫിയ ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വേറെയും ഗുരുതര ആരോപണങ്ങള്‍. എസ്.ഐക്ക് ഇരട്ട സസ്‌പെന്‍ഷന്‍ നല്‍കി എ.ഡി.ജി.പി: എം.ആര്‍. അജിത്കുമാറിന്റെ ഉത്തരവ്. പോലീസ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി.
കൃത്യനിര്‍വഹണത്തിലെ വീഴ്ച, പെരുമാറ്റദൂഷ്യം, ഗുണ്ടാനേതാവിനു വാട്‌സ്ആപ്പില്‍ വിവരം ചോര്‍ത്തല്‍ എന്നിവയുടെ പേരില്‍ തിരുവല്ലം എസ്.ഐ: കെ.ആര്‍. സതീശന്‍, സീനിയര്‍ സി.പി.ഒ: ജയകുമാര്‍ എന്നിവര്‍ക്കാണ് ഇരട്ടസസ്‌പെന്‍ഷന്‍. പാപ്പനംകോട് സ്വദേശി വിജയകുമാര്‍ ഹണിട്രാപ്പില്‍പ്പെട്ട് ജീവനൊടുക്കിയ കേസിലെ പ്രതിക്കു ഡല്‍ഹി വിമാനത്താവളത്തില്‍ രക്ഷപ്പെടാന്‍ അവസരമൊരുക്കി, ഗുണ്ടകള്‍ക്ക് ഔദ്യോഗികവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു, മണല്‍കടത്തിന് കൂട്ടുനിന്നു എന്നിങ്ങനെയാണു സസ്‌പെന്‍ഷന്‍ ഉത്തരവുകളിലെ കുറ്റാരോപണം.
അനധികൃത മസാജ് സെന്റര്‍ സന്ദര്‍ശിച്ചതിനാണു തിരുവനന്തപുരം പേട്ട സി.ഐ: റിയാസ് രാജയുടെ സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ ഗുണ്ടകള്‍ മര്‍ദിച്ച് കിണറ്റിലിട്ട കേസ് െകെകാര്യം ചെയ്തതിലുള്ള വീഴ്ചയും നടപടിക്കു കാരണമായി. മഫ്തിയിലെത്തി കടയിലെ ജീവനക്കാരനെ അനധികൃതമായി കസ്റ്റഡിയിലെടുത്തതിനാണു കൊച്ചി ചേരാനല്ലൂര്‍ സി.ഐ: കെ.ജി. വിപിന്‍കുമാറിനെതിരായ നടപടി. ആരോപണവിധേയര്‍ മണ്ണ് മാഫിയയും ഗുണ്ടകളുമായി അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കി ക്രിമിനല്‍ സ്വഭാവമുളള സമാനസംഭവങ്ങളില്‍ പങ്കാളികളായെന്ന് എ.ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നു.
ഗുണ്ടാബന്ധം, ചാരപ്പണി: എസ്.ഐക്ക് ഉള്‍പ്പെടെ ഇരട്ട സസ്‌പെന്‍ഷന്‍
