സംരംഭക മഹാ സംഗമം ജനു.21 ന് കൊച്ചിയിൽ, സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമാവും

കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭക സംഗമം വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനുവരി 21ന് കൊച്ചിയിൽ സംഘടിപ്പിക്കും. വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ സംരംഭങ്ങളാരംഭിച്ചവരാണ് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയിൽ ഒത്തുചേരുന്നത്. 8 മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളാരംഭിച്ച കേരളത്തിന്റെ സംരംഭക വർഷം പദ്ധതി ദേശീയ അംഗീകാരം നേടിയിരുന്നു. ബഹു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തെരഞ്ഞെടുക്കപ്പെട്ട സംരംഭക വർഷം പദ്ധതിയിലൂടെ ഇതുവരെയായി 1,22,080 സംരംഭങ്ങളും 7462.92 കോടിയുടെ നിക്ഷേപവും 2,63,385 തൊഴിലും ഉണ്ടായി. ഇത്രയും സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍ ഒരുക്കി നല്‍കിയ പശ്ചാത്തല സൗകര്യങ്ങള്‍, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി പല മാനങ്ങള്‍ കൊണ്ട് രാജ്യത്ത് തന്നെ പുതു ചരിത്രമാണ് നമ്മുടെ സംരംഭക വർഷം പദ്ധതി.

ജനുവരി 21ന്  എറണാകുളം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയില്‍ സംഘടിപ്പിക്കുന്ന സംരംഭക മഹാ സംഗമം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംരംഭകർക്ക് പറയാനുള്ളത് കേൾക്കാനും അവരുടെ പദ്ധതികളുടെ സ്കെയിൽ അപ്പിനാവശ്യമായ സഹായം ലഭ്യമാക്കാനും ഈ സംഗമത്തിലൂടെ ശ്രമിക്കും കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ് ഈ സർക്കാർ ലക്ഷ്യമിടുന്നത്. ഒരു വർഷത്തിനുള്ളിൽ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ 13 പടികൾ കയറി 28 ൽ നിന്ന് 15 ആം റാങ്കിൽ കേരളം എത്തി.. ആഗോള പ്രശസ്തമായ നിരവധി കമ്പനികൾ കേരളത്തിൽ നിക്ഷേപത്തിന് താൽപര്യം അറിയിച്ചിരിക്കുകയാണ്. കേരളത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുന്ന ഒന്നായി സംരംഭക മഹാ സംഗമം മാറുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രിമാർ, ജനപ്രതിനിധികൾ, വ്യവസായ വാണിജ്യ സംഘടനകളുടെ ഭാരവാഹികൾ, പ്രമുഖ സംരംഭകർ എന്നിവർ സംഗമത്തിൽ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →