ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ദ്വിദിന ദേശീയ എക്‌സിക്യൂട്ടീവിന് ആരംഭം. 2024 ലെ പൊതുതെരഞ്ഞെടുപ്പ്, വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്നിവയടക്കം സുപ്രധാന വിഷയങ്ങളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ കാലാവധി ഒരു ടേം കൂടി ദീര്‍ഘിപ്പിക്കുന്നതിലും തീരുമാനമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയോടെയാണു പരിപാടികള്‍ തുടങ്ങിയത്. പട്ടേല്‍ ചൗക്കില്‍നിന്ന് എന്‍.ഡി.എം.സി. ഹെഡ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തില്‍ അണിനിരന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്തു പ്രധാനമന്ത്രി കടന്നു പോയി. യാത്രാ പഥത്തിലുടനീളം കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പോസ്റ്ററുകളും പ്രധാനമന്ത്രിയുടെ കൂറ്റന്‍ കട്ട് ഔട്ടുകളും സ്ഥാപിച്ചിരുന്നു. വിവിധ ഇടങ്ങളിലായി സ്ഥാപിച്ച വേദികളില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറി.
അതേസമയം, നാഷണല്‍ എക്‌സിക്യൂട്ടീവിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാരും സഹ അധ്യക്ഷന്‍മാരുമായി ദേശീയ അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തി. നാഷണല്‍ എക്‌സിക്യൂട്ടീവില്‍ പ്രധാനമന്ത്രിക്കൊപ്പം 35 കേന്ദ്ര മന്ത്രിമാര്‍, 12 മുഖ്യമന്ത്രിമാര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും അധ്യക്ഷന്‍മാര്‍, 350 പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
