കാഠ്മണ്ഡു: നേപ്പാളിലെ പൊഖ്‌റയില്‍ ലാന്‍ഡിങ്ങിനു തൊട്ടുമുമ്പ് തകര്‍ന്നുവീണ വിമാനത്തിന്റെ പൈലറ്റ്, അസ്വാഭാവികമായൊന്നും റിപ്പോര്‍ട്ട്യ്തിചെയ്യുന്നില്ലെന്നു വ്യോമയാന അധികൃതര്‍. എന്നാല്‍, ലാന്‍ഡിങ് നിശ്ചയിച്ചിരുന്ന റണ്‍വേ മൂന്നില്‍നിന്ന് റണ്‍വേ ഒന്നിലേക്കു മാറാന്‍ അനുമതി തേടിയിരുന്നു. പൊഖ്‌റ വിമാനത്താവളം അധികൃതര്‍ അത് അനുവദിക്കുകയും ചെയ്തതായി നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ വക്താവ് അനൂപ് ജോഷി വ്യക്തമാക്കി. പര്‍വതനിരകളില്‍ കാലാവസ്ഥാപ്രശ്‌നം ഇല്ലായിരുന്നെന്നും കാഴ്ച സുഗമമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ജനവാസമേഖലയിലാണു വിമാനത്തിനു നിയന്ത്രണം നഷ്ടപ്പെട്ടതെങ്കിലും വീടുകള്‍ക്കുമേല്‍ തകര്‍ന്നുവീഴാതിരുന്നതു പൈലറ്റിന്റെ മനഃസാന്നിധ്യം മൂലമാണെന്നു വിലയിരുത്തപ്പെടുന്നു. ദൃക്‌സാക്ഷിമൊഴികളും ഇതു ശരിവയ്ക്കുന്ന തരത്തിലാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 10.33-നു തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്നു വിനോദസഞ്ചാരകേന്ദ്രമായ പൊഖ്‌റയിലേക്കു പോയ യെതി എയർലെന്‍സ് വിമാനം ലാന്‍ഡിങ്ങിനു തൊട്ടുമുമ്പ് പതിനൊന്നോടെയാണു തകര്‍ന്നുവീണത്. പൊഖ്‌റ വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ മുമ്പ് സെതി നദിക്കരയിലായിരുന്നു ദുരന്തം.
വിമാനത്തില്‍ 68 യാത്രക്കാരും നാല് ജീവനക്കാരുമാണുണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടതായി വിവരമില്ല. 69 മൃതദേഹങ്ങള്‍ കെണ്ടടുത്തു. യാത്രക്കാരില്‍ അഞ്ച് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. മൂന്ന് പതിറ്റാണ്ടിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ വിമാനദുരന്തമാണിത്.
- ബ്ലാക്ക് ബോക്‌സും വോയ്‌സ് റെക്കോഡറും കണ്ടെടുത്തു
സെതി നദിയുടെ ഇരുകരയിലും വിമാനാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന കാഴ്ചയായിരുന്നു ഇന്നലെ. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും വോയ്‌സ് റെക്കോഡറും കണ്ടെടുത്തതായി നേപ്പാള്‍ പോലീസ് അറിയിച്ചു. ഇവയുടെ ശാസ്ത്രീയപരിശോധനയ്ക്കുശേഷമേ അപകടകാരണം വ്യക്തമാകൂ. - സെതി നദിക്കരയില്‍ ഇന്നലെയും അന്തരീക്ഷത്തിലെ പുകപടലം അടങ്ങിയിരുന്നില്ല. തീരത്തെ പുല്‍പ്പരപ്പും ചെടികളുമെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. ലാന്‍ഡിങ്ങിനൊരുങ്ങിയ വിമാനം കറങ്ങിത്തിരിഞ്ഞ് നദിക്കരയിലേക്കു കൂപ്പുകുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ചു. നേപ്പാളില്‍ ഇന്നലെ ദുഃഖാചരണം പ്രഖ്യാപിച്ച പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ (പ്രചണ്ഡ), ദുരന്തകാരണം കണ്ടെത്താന്‍ വിദഗ്ധസമിതി രൂപീകരിച്ചതായും അറിയിച്ചു.
- 2012 വരെ ഇന്ത്യയില്‍ ഉപയോഗിച്ച വിമാനം പൊഖ്‌റയില്‍ അപകടം സൃഷ്ടിച്ച വിമാനം 2012 വരെ ഉപയോഗിച്ചിരുന്നത് ഇന്ത്യയില്‍. ഇന്ത്യയില്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉപയോഗിച്ചിരുന്ന വിമാനം പിന്നീട് തായ്‌ലന്‍ഡിലെ ഒരു വിമാനക്കമ്പനിയും ഉപയോഗിച്ചിരുന്നു. 2019ലാണ് യെതി എയര്‍ലൈന്‍സ് വാങ്ങിയത്. അറ്റകുറ്റപ്പണികള്‍ക്കായി കുറച്ചുകാലം പറക്കാതെയിട്ടിരുന്നതായും വിവരമുണ്ട്. 15 വര്‍ഷം പഴക്കമുള്ള വിമാനത്തിനു യന്ത്രത്തകരാറുണ്ടായെന്നാണു പ്രാഥമിക വിവരമെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

