ജി.ബി.ജി. നിധി ചെയര്‍മാന്‍ വിനോദ കുമാര്‍ കസ്റ്റഡിയില്‍

കാസര്‍ഗോഡ്: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതിയായ കുണ്ടംകുഴി ജി.ബി.ജി. നിധി ലിമിറ്റഡ് ചെയര്‍മാന്‍ വിനോദ്കുമാറിനെ ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 11 മണിക്ക് വിനോദ്കുമാറും ഡയറക്ടര്‍മാരും ജി.ബി.ജിക്കെതിരേയുള്ള കേസ് സംബന്ധിച്ച് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ കാസര്‍ഗോഡ് പ്രസ്ക്ലബ്ബില്‍ പത്രസമ്മേളനം നടത്താനിരിക്കെയാണ് വിനോദ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിനോദ്കുമാര്‍ പത്രസമ്മേളനം നടത്താന്‍ എത്തുമെന്നു കരുതി കാസര്‍ഗോട്ടേക്കു വന്ന ഡയറക്ടര്‍മാരിലൊരാളായ പെരിയ സ്വദേശി ഗംഗാധരനെയും കസ്റ്റഡിയിലെടുത്തു. പത്രസമ്മേളനത്തിനു വിനോദ്കുമാറും മറ്റു പ്രതികളും വരുമെന്നു സൂചന ലഭിച്ചതിനെത്തുടര്‍ന്ന് കാസര്‍ഗോഡ് പോലീസും സ്‌പെഷല്‍ ബ്രാഞ്ചും കാസര്‍ഗോഡ് പ്രസ്ക്ലബ്ബ് പരിസരത്തെത്തിയിരുന്നു. നിക്ഷേപത്തട്ടിപ്പിന് ഇരകളായ നിരവധി പേരും പ്രസ്ക്ലബ്ബിലെത്തി. ചെയര്‍മാനും ഒരു ഡയറക്ടറും പോലീസ് കസ്റ്റഡിയിലായതോടെ പത്രസമ്മേളനം മുടങ്ങി.
കഴിഞ്ഞ ദിവസങ്ങളിലായി ഇരുപതോളം പേരാണ് ജി.ബി.ജി. ധനകാര്യസ്ഥാപനത്തിനെതിരേ ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിനോദ്കുമാറിനും ആറു ഡയറക്ടര്‍മാര്‍ക്കുമെതിരേയാണ് പോലീസ് കേസെടുത്തിരുന്നത്. ഒളിവില്‍ പോയിരുന്ന വിനോദ്കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഈ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണു പോലീസ് കസ്റ്റഡിയിലായത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിച്ചിട്ട് കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച പണവും പലിശയും തിരികെ ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് പലരും പരാതി നല്‍കിയത്. വരുംദിവസങ്ങളിലും നിരവധി പേര്‍ പരാതികളുമായി പോലീസിനെ സമീപിക്കുമെന്നാണു വിവരം.

ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് പത്തുമാസം കൊണ്ട് എണ്‍പതിനായിരം രൂപ പലിശയാണ് ജി.ബി.ജി. നിധി വാഗ്ദാനം ചെയ്തിരുന്നത്. 2020 നവംബറില്‍ ആരംഭിച്ച സ്ഥാപനം ആദ്യ കാലങ്ങളില്‍ വാഗ്ദാനം ചെയ്ത പലിശ കൃത്യമായി നല്‍കിയതോടെ കൂടുതല്‍ പേര്‍ ഇതില്‍ ആകൃഷ്ടരായി. മാസങ്ങളായി പലിശയോ നിക്ഷേപിച്ച തുകയോ തിരികെ കിട്ടാതെ വന്നതോടെയാണ് പലരും പരാതിയുമായി രംഗത്തെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →