സെല്‍മ പാര്‍ട്ടിക്ക് പോകാം: ബ്രസീല്‍ കലാപത്തിന്റെ കാണാപുറങ്ങള്‍

ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സനാരോയെ അനുകൂലിക്കുന്നവര്‍ അമേരിക്കയിലെ കാപ്പിറ്റോള്‍ ആക്രമണ മാതൃകയില്‍ പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചതോടെയാണ് കലാപത്തിന് തുടക്കമാവുന്നത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും ബ്രസീലിലെ ഇടതു പക്ഷ നേതാവായ പ്രസിഡന്റ് ലുല ഡസില്‍വ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്ന വലതുപക്ഷ പ്രതിഷേധമാണ് ആസൂത്രിത കലാപമായി മാറിയത്. മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയെ അനുകൂലിക്കുന്നവര്‍ പാര്‍ലമെന്റിലേക്കും സുപ്രീം കോടതിയിലേക്കും ഇരച്ചുകയറി. പ്രസിഡന്റിന്റെ കൊട്ടാരത്തെയും ആക്രമിച്ചു.

സാവോ പോളയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലായിരുന്നതിനാല്‍ പ്രസിഡന്റ് ലുല ഡസില്‍വ ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നില്ല. സുരക്ഷാ വീഴ്ച കണ്ടു ആദ്യം പകച്ചുപോയ സര്‍ക്കാര്‍ സംവിധാനം പിന്നീട് ഉണര്‍ന്നു പ്രവര്‍ത്തിച്ചു.കലാപകാരികളെ നേരിടാന്‍ സൈന്യം രംഗത്തിറങ്ങി. ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ പലരും സൈന്യത്തിന്റെ കസ്റ്റഡിയിലായി. മന്ത്രിമാരുമായും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയ പ്രസിഡന്റ് ലുല ഡസില്‍വ കലാപത്തില്‍ പങ്കെടുത്തവരെയും ആസൂത്രണം ചെയ്തവരെയും വെറുതെ വിടില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ രാജ്യം വിട്ട ബൊല്‍സൊനാരോ നിലവില്‍ അമേരിക്കയിലെ ഫ്‌ളോറിഡയിലാണ്.

അതേസമയം ബോല്‍സൊനാരോ ആശുപത്രിയിലെന്നാണ് റിപ്പോര്‍ട്ട്. വയറുവേദനയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ഫ്ളോറിഡയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഭാര്യ മിഷേല്‍ പറഞ്ഞു. 11 ദിവസം മുമ്പാണ് ബോല്‍സൊനാരോ ബ്രസീലില്‍നിന്ന് അമേരിക്കയിലേക്കു പോയത്.വയറിലെ അസ്വസ്ഥതകള്‍ കാരണം ഭര്‍ത്താവ് നിരീക്ഷണത്തിലാണെന്ന് മിഷേല്‍ ബോല്‍സൊനാരോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2018 ല്‍ ബോല്‍സൊനാരോയ്ക്ക് കുത്തേറ്റിരുന്നു, അതിനുശേഷം ഇടയ്ക്കിടെ അദ്ദേഹത്തിന് വയറുവേദനയുണ്ടാകാറുണ്ടെന്നാണ് അദ്ദേഹത്തോടടുത്തവൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞയാഴ്ച പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് അധികാരം കൈമാറുന്ന ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ബ്രസീല്‍ കലാപവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ബോല്‍സൊനാരോ ആശുപത്രിവാസത്തെ ഉപയോഗിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

കലാപകാരികളുടെ കോഡ് -സെല്‍മ പാര്‍ട്ടിക്ക് പോകാം

ബ്രസീലില്‍ കലാപമഴിച്ചുവിട്ടവരെ നിയന്ത്രിച്ചത് ബോല്‍സൊനാരോയുടെ വിശ്വസ്തരാണെന്ന സൂചന പുറത്തുവന്നു. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനുശേഷമായിരുന്നു ആക്രമണം. ”സെല്‍മയുടെ പാര്‍ട്ടിക്കു പോകാം” എന്ന കോഡ് ഉപയോഗിച്ചായിരുന്നു അണികളെ കൂട്ടിയത്. ”സെല്‍മ” അഥവ ”സെല്‍വ”യ്ക്ക് പോര്‍ച്ചുഗീസ് ഭാഷയില്‍ കാടെന്നാണ് അര്‍ഥം. ബ്രസീല്‍ സൈന്യവും വാക്ക് കോഡായി ഉപയോഗിക്കാറുണ്ടായിരുന്നു. സെല്‍മാ പാര്‍ട്ടിക്ക് സൗജന്യ ബസ് യാത്ര, ഭക്ഷണം എന്നിവ ഉറപ്പുനല്‍കിക്കൊണ്ടുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. പ്രതിഷേധ മാര്‍ച്ച് തുടങ്ങിയപ്പോള്‍ ”ആദ്യ അതിഥികള്‍ വന്നു തുടങ്ങി. എല്ലാവരും എത്തിയാല്‍ കേക്ക് മുറിക്കാം” എന്നായിരുന്നു കുറിപ്പുകള്‍.അക്രമം പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ബ്രസീലില്‍ കുറ്റകരമാണ്. ഇത് ഒഴിവാക്കാനാണു ”സെല്‍മ പാര്‍ട്ടി” തന്ത്രം പ്രയോഗിച്ചത്.

10,000 ലേറെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രചാരണത്തിന് ഉപയോഗിച്ചെന്നു കണ്ടെത്തിയിട്ടുണ്ട്. ടെലിഗ്രാമിലൂടെയാണു കൂടുതല്‍ അക്രമസ്വഭാവമുള്ള സന്ദേശങ്ങള്‍. സര്‍ക്കാര്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ അണികള്‍ക്ക് സന്ദേശമെത്തിയത് ഇവിടെയാണ്. സര്‍ക്കാരിനെതിരേ നീങ്ങാന്‍ പോലീസിനോടും െസെന്യത്തോളം ബോല്‍സൊനാരോ അണികള്‍ ടെലിഗ്രാമിലൂടെ ആവശ്യപ്പെട്ടു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്നതിനു പകരം പൊതുപണിമുടക്ക്” എന്ന വാക്കാണു അക്രമികള്‍ ഉപയോഗിച്ചത്.

മസ്‌കിനും പഴി

ബോല്‍സൊനാരോ അനുയായികളുടെ തേര്‍വാഴ്ചയുടെ പേരില്‍ ട്വിറ്റര്‍ ഉടമ എലോണ്‍ മസ്‌കിനും പഴി. ട്വിറ്ററിലെ നിരീക്ഷണ സംവിധാനം മസ്‌കിന്റെ ചെലവ് ചുരുക്കല്‍ നടപടി മൂലം പാളിയെന്നാണു ഐടി വിദഗ്ധര്‍ പറയുന്നത്. ട്വിറ്ററിലൂടെയുള്ള അട്ടിമറി ശ്രമം കണ്ടെത്താനോ തടയാനോ മോഡറേറ്റര്‍മാരുടെ കുറവുമൂലം കഴിഞ്ഞില്ല.
ഫെയ്സ്ബുക്കും യൂടൂബും കലാപാഹ്വാനങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതില്‍ വിജയിക്കുകയും ചെയ്തു.

2021 ജനുവരി ആറിന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ അനുയായികള്‍ യു.എസ്. ക്യാപിറ്റോള്‍ കെട്ടിടം ആക്രമിച്ചതിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് ബ്രസീലിലും അരങ്ങേറിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ്ഫലം എതിരാളിയായ ലുല ഡ സില്‍വയ്ക്ക് അനുകൂലമായതോടെയാണ് മുന്‍ പ്രസിഡന്റിന്റെ അനുയായികള്‍ തെരുവിലിറങ്ങിയത്. പാര്‍ലമെന്റ് മന്ദിരവും സുപ്രീം കോടതിയും ആക്രമിച്ച തീവ്രവലതുപക്ഷക്കാരായ കലാപകാരികള്‍, പ്രസിഡന്റ് ലുല ഡ സില്‍വയുടെ കൊട്ടാരത്തിനുനേരെയും ആക്രമണം നടത്തി. പാര്‍ലമെന്റിനും സുപ്രീം കോടതി മന്ദിരത്തിനും ആക്രമണത്തില്‍ നാശമുണ്ടായി.

Share
അഭിപ്രായം എഴുതാം