പേരാമ്പ്രയിൽ ബിജെപി ഭാരവാഹികളുടെ യോഗത്തിൽ സംഘർഷം

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ബിജെപി യോഗത്തിനിടെ കൈയ്യാങ്കളി. പണപ്പിരിവിനെച്ചൊല്ലിയുളള തർക്കമാണ് സംഘർത്തിലെത്തിയത്. തന്റെ ഉടമസ്ഥതയിലുളള പെട്രോൾ പമ്പ് നിർമാണത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാമെന്ന പേരിൽ ബിജെപി നേതാക്കൾ പണം വാങ്ങിയെന്ന ബിജെപി പ്രവർത്തകനായ പ്രജീഷിന്റെ പരാതിയെച്ചൊല്ലിയായിരുന്നു കയ്യാങ്കളി. നേതാക്കൾ പണം വാങ്ങിക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്ത് വന്നു.

ആർ എസ് എസ് പ്രവർത്തകനും മുൻ ബിജെപി നേതാവുമായ പാലേരി സ്വദേശി പ്രജീഷിൻറെ പെട്രോൾ പമ്പ് നിർമ്മാണത്തിനായി മണ്ണ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശികമായി പ്രതിഷേധം ഉണ്ടായിരുന്നു. ഇത് പരിഹരിക്കാമെന്ന് പറഞ്ഞ് ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡൻറും ചില ഭാരവാഹികളും ചേർന്ന് ഒരു ലക്ഷത്തി പതിനായിരം രൂപ പ്രജീഷിൽ നിന്നും വാങ്ങിയതായാണ് ആരോപണം. വീണ്ടും ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് നേതാക്കൾ സമീപിച്ചെങ്കിലും പണം നൽകിയില്ലെന്ന് പ്രജീഷ് പറയുന്നു. പിന്നാലെ പെട്രോൾ പമ്പ് നിർമ്മാണം നേതാക്കളിടപെട്ട് തടഞ്ഞതായാണ് പരാതി. നേതാക്കൾ തൻറെ ഉടമസ്ഥതയിൽ കുറ്റ്യാടിയിലുളള പെട്രോൾ പമ്പിലെത്തി പണം വാങ്ങുന്ന ദൃശ്യങ്ങളും പ്രജീഷിന്റെ ശബ്ദരേഖയും പുറത്ത് വന്നു.

ഇതിന് പിന്നാലെ പേരാമ്പ്രയിൽ ചേർന്ന ബിജെപി പേരാമ്പ്ര മണ്ഡലത്തിലെ ഭാരവാഹികളുടെ യോഗമാണ് സംഘർഷത്തിൽ കലാശിച്ചത്. പണം വാങ്ങിയത് ചോദ്യം ചെയ്തെത്തിയ ഒരു വിഭാഗം പ്രവർത്തകർ നേതാക്കളെ കൈയേറ്റം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റതായാണ് വിവരം. ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ, സെക്രട്ടറി ഷൈനി ജോഷി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സംഘർഷം ഉണ്ടായത്. മൂന്ന് മാസം മുമ്പ് പാർട്ടി ഫണ്ടിലേക്ക് 25000 രൂപ പ്രജീഷിൽ നിന്നും വാങ്ങിയിട്ടുണ്ടെന്നും മറ്റുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് രജീഷ് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പ്രതികരണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →