കലാപം: ബ്രസീല്‍ മുന്‍ പ്രസിഡന്റ് അമേരിക്കയില്‍ ഫ്ളോറിഡയിലെ ആശുപത്രിയില്‍

ബ്രസീലിയ: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊനാരോയെ അമേരിക്കയില്‍ ഫ്ളോറിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഭാര്യ അറിയിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അനുയായികള്‍ ബ്രസീല്‍ തലസ്ഥാനത്ത് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലും സുപ്രീം കോടതിയിലും ഇരച്ചുകയറി കലാപം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബ്രസീലില്‍ വ്യാപക അറസ്റ്റ് നടക്കുകയാണ്.വയറുവേദനയെ തുടര്‍ന്നാണ് ബോല്‍സൊനാരോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2018ല്‍ അദ്ദേഹത്തിന് കത്തികൊണ്ട് കുത്തേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ഇടക്കിടെ വയറുവേദനയുണ്ടാകാറുണ്ട്. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് പത്ത് ദിവസം മുമ്പാണ് ബോല്‍സൊനാരോ അമേരിക്കയിലേക്ക് പോയത്.പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡ സില്‍വക്ക് അധികാരം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. കലാപത്തെ തുടര്‍ന്ന് 1,500 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോയില്‍ പതിനായിരക്കണക്കിന് പേര്‍ പ്രതിഷേധിക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം