ആശങ്കയുടെ അരനൂറ്റാണ്ട്: ജോഷിമഠ് വികസനത്തിന്റെ തെറ്റായ മാതൃകയുടെ പരിണിത ഫലം

ഹിമാലയത്തിന്റെ താഴ്വരയിലുള്ള ചെറുപട്ടണമായ ജോഷിമഠ് വികസനത്തിന്റെ തെറ്റായ മാതൃകയുടെ പരിണിത ഫലമെന്ന് ആരോപണം.കാലാവസ്ഥാമാറ്റവും അടിസ്ഥാനസൗര്യവികസനത്തിന്റെ പേരിലുള്ള അനിയന്ത്രിത നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ് ഭൂമി ഇടിഞ്ഞുതാഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. മനുഷ്യ ഇടപെടലും പ്രകൃതിയിലെ മാറ്റങ്ങളുമാണ് അപൂര്‍വപ്രതിഭാസത്തിനു കാരണമെന്നു വിദഗ്ധരും സമ്മതിക്കുന്നു. കാലങ്ങളായി രൂപപ്പെട്ടുവന്ന മാറ്റമാണിതെന്നു ഹിമാലയന്‍ ജിയോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കാലാചന്ദ് സെയ്ന്‍ ചൂണ്ടിക്കാട്ടി.പ്രമുഖ ഹിന്ദു, സിഖ് തീര്‍ഥാടനകേന്ദ്രങ്ങളായ ബദരിനാഥ്, ഹേമകുണ്ഡ് സാഹിബ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനകവാടമാണു ജോഷിമഠ്. െചെനീസ് അതിര്‍ത്തിക്കു സമീപമുള്ള പ്രധാന െസെനികതാവളവും ഇവിടെയുണ്ട്.

1973 മുതല്‍ ദുരന്തത്തിന്റെ സൂചനകള്‍

വീടുകള്‍ക്കു വിള്ളല്‍ വീഴുന്നെന്ന പരാതി 1973 മുതലുണ്ട്.ഋഷികേശ് – ബദരിനാഥ് ദേശീയ പാതയോടു ചേര്‍ന്ന് ചെറുകുന്നുകള്‍ അടങ്ങിയ ചെറുപട്ടണമാണു ജോഷിമഠ്. വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയമുള്ള സ്ഥലം. െസെനിക കേന്ദ്രമെന്ന നിലയില്‍ തന്ത്രപ്രധാന സ്ഥാനവുമുണ്ട്. വിഷ്ണുപ്രയാഗ്, ദൗളിഗംഗ, അളകാനന്ദ നദികളും ഈ ചെറുപ്രദേശത്തുകൂടി കടന്നുപോകുന്നു.വീടുകള്‍ക്കു വിള്ളല്‍ വീഴുന്നെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നു രൂപീകരിച്ച മിശ്ര കമ്മിഷനാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്.1976 ലാണ് ആ റിപ്പോര്‍ട്ട് പുറത്തുവന്നത്. ജോഷിമഠിലെ മണ്ണിന്റെ ഘടന പഠിക്കാതെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ജലെവെദ്യുതി പദ്ധതികള്‍, ദേശീയ പാതകയ്ക്കായി കുന്നുകള്‍ നിരത്തിയതെല്ലാം ഭീഷണിയായി റിപ്പോര്‍ട്ടില്‍ പറഞ്ഞുവച്ചു.ഒരു പ്രധാനകാര്യംകൂടിയുണ്ടായിരുന്നു. ഇത്രയും ജനസംഖ്യയെ ഉള്‍ക്കൊള്ളാനുള്ള കരുത്ത് ജോഷിമഠിലെ മണ്ണിനില്ല. ഇത് അവഗണിച്ചുള്ള പദ്ധതികളാണു തകര്‍ച്ചയിലെത്തിനില്‍ക്കുന്നത്. നരവംശപരവും സ്വാഭാവികവുമായ വിവിധ ഘടകങ്ങളാണ് ഉത്തരാഖണ്ഡിലെ ജോഷിമഠിനെ തകര്‍ച്ചയിലേക്കു നയിച്ചതെന്ന് വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ഡയറക്ടര്‍ കലാചന്ദ് സെയ്ന്‍. ഈ ഘടകങ്ങള്‍ സമീപകാലത്തുണ്ടായതല്ലെന്നും കാലങ്ങളായി രൂപപ്പെട്ടതാണെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഒരു നൂറ്റാണ്ടു മുമ്പ് ഭൂകമ്പം മൂലമുണ്ടായ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങളാണ് ജോഷിമഠിന്റെ ദുര്‍ബലമായ അടിത്തറയിലുള്ളത്.സീസ്മിക് സോണ്‍ 5 ല്‍ ഉള്‍പ്പെടുന്നതിനാല്‍ ഈ പ്രദേശത്ത് ഭൂകമ്പത്തിനു സാധ്യത കൂടുതലാണ്. കാലാവസ്ഥയുടെ പ്രത്യേകതയും തുടര്‍ച്ചയായ നീരൊഴുക്കും നിമിത്തം ഇവിടെയുള്ള പാറകളുടെ ശക്തി കാലക്രമേണ കുറഞ്ഞുവരുന്നതായി സെയ്ന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

മണ്ണിടിച്ചിലുണ്ടായ പ്രദേശമായ ജോഷിമഠിനെക്കുറിച്ച് 1886 ല്‍ അറ്റ്കിന്‍സാണ് ഹിമാലയന്‍ ഗസറ്റിയറില്‍ ആദ്യമായി എഴുതിയത്. 1976 ലെ മിശ്ര കമ്മിറ്റി റിപ്പോര്‍ട്ടിലും ദുര്‍ബലമായ മേഖലയായി ഈ പ്രദേശത്തെ പരാമര്‍ശിക്കുന്നുണ്ടെന്ന് സെയ്ന്‍ ചൂണ്ടിക്കാട്ടി. ഹിമാലയന്‍ നദികളുടെ ഒഴുക്കും കനത്ത മഴയും ഋഷിഗംഗയും ദൗലിഗംഗയും നിറഞ്ഞുകവിഞ്ഞ് കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കവുമൊക്കെ സ്ഥിതി കൂടുതല്‍ വഷളാക്കിയിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോഷിമഠ് ബദരീനാഥിലേക്കുള്ള കവാടമായതിനാല്‍, ഹേമകുണ്ഡ് സാഹിബ്, ഔലി പ്രദേശങ്ങളില്‍ വളരെക്കാലമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. നഗരത്തിന് അധികസമ്മര്‍ദം നല്‍കുന്ന ഈ പ്രവര്‍ത്തനങ്ങളും അവിടെയുള്ള വീടുകളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ കാരണമായിരിക്കാം-അദ്ദേഹം പറഞ്ഞു.ഹോട്ടലുകളും റെസ്റ്റാറന്റുകളും കൂണുപോലെ വളര്‍ന്നതും വിനോദസഞ്ചാരികളുടെ തിരക്ക് പലമടങ്ങ് വര്‍ധിച്ചതും പ്രതികൂലാവസ്ഥയ്ക്ക് ആക്കം കൂട്ടുന്നതായി ചൂണ്ടിക്കാട്ടിയ കലാചന്ദ് സെയ്ന്‍, നഗരത്തിലെ പല വീടുകളും നിലനില്‍ക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അവിടെനിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതിനുശേഷം നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങളും മഴവെള്ളം ഒഴുക്കിവിടുന്ന രീതിയും പുനഃക്രമീകരിക്കണം. കൂടാതെ പ്രദേശത്തെ പാറകളുടെ ശക്തി വിലയിരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഔലി റോപ്വേ പ്രവര്‍ത്തനം നിര്‍ത്തി

കഴിഞ്ഞ ദിവസം ഭൂമി ഇടിഞ്ഞുതാഴ്ന്നതിനേത്തുടര്‍ന്ന് ഒരു ക്ഷേത്രമാണ് ആദ്യം തകര്‍ന്നത്. തുടര്‍ന്ന്, നിരവധി വീടുകള്‍ക്കു വിള്ളല്‍ വീണതോടെ പ്രദേശവാസികള്‍ ഭീതിയിലായി. ഏഷ്യയിലെ ഏറ്റവും വലുതെന്ന പ്രശസ്തിയുള്ള ഔലി റോപ്വേയുടെ അടിയിലും ഭൂമിയില്‍ വന്‍വിള്ളലുണ്ടായി. തുടര്‍ന്ന്, റോപ്വേയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ചാര്‍ധാം സര്‍വകാലാവസ്ഥാപാത (ഹെലാങ്-മാര്‍വാരി െബെപാസ്), എന്‍.ടി.പി.സിയുടെ ജലെവെദ്യുതി പദ്ധതി എന്നിവയും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചു.

Share
അഭിപ്രായം എഴുതാം