മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു ഞെട്ടിപ്പിക്കുന്ന തോല്‍വി. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി 4-0 ത്തിനാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്.
മുംബൈയ്ക്ക് വേണ്ടി അര്‍ജന്റീനക്കാരന്‍ യോര്‍ഗെ പെരേര ഡയസ് ഇരട്ട ഗോളടിച്ചു. ഗ്രെഗ് സ്റ്റുവര്‍ട്ട്, ബിപിന്‍ സിങ് എന്നിവരും ടീമിനായി ലക്ഷ്യം കണ്ടു. ബ്ലാസ്റ്റേഴ്സിന്റെ അപരാജിതക്കുതിപ്പിനു തോല്‍വിയോടെ വിരാമമായി. അവസാന എട്ട് മത്സരങ്ങളില്‍ തോല്‍ക്കാതെയാണു ബ്ലാസ്‌റ്റേഴ്‌സ് മുംബൈയില്‍ എത്തിയത്. ഇവാന്‍ വുകുമാനോവിച്ചിന്റെ ശിഷ്യന്‍മാര്‍ പൊരുതുക പോലും ചെയ്യാതെ മുട്ടുമടക്കി.
മുംബൈ പോയിന്റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടന്ന് ഒന്നാമതെത്തി. 13 കളികളില്‍നിന്നു 33 പോയിന്റാണ് അവര്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് 13 കളികളില്‍നിന്നു 31 പോയിന്റ് നേടി. മുംബൈ ഒന്‍പതാം സീസണില്‍ ഇതുവരെ തോറ്റില്ല. മൂന്ന് മത്സരങ്ങള്‍ സമനില വഴങ്ങി രക്ഷപ്പെട്ടിരുന്നു. തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തു തുടര്‍ന്നു. കൊച്ചിയില്‍ വെച്ച് ഏറ്റുമുട്ടിയപ്പോഴും ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കാന്‍ മുംബൈയ്ക്കു സാധിച്ചു.
മത്സരത്തിന്റെ തുടക്കം മുതല്‍ മുംബൈ ആക്രമിച്ച് കളിച്ചു. നാലാം മിനിറ്റില്‍ അവര്‍ ഗോളടിച്ചു. ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരമായ പെരേര ഡയസാണ് ഗോളടിച്ചത്. ബിപിന്‍ സിങ്ങിന്റെ ഷോട്ട് ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍ ഗില്‍ തട്ടിയിട്ടു. പന്ത് നേരെയെത്തിയത് ഡയസിന്റെ കാലിലേക്കാണ്. റീ ബൗണ്ട് ഒഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം തട്ടിയിട്ടു.
എട്ടാം മിനിറ്റില്‍ മുംബൈ ഗോള്‍ മുഖത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണം. ദിമിത്രി ഡയമന്റക്കോസിന്റെ ഷോട്ട് ഗോള്‍ കീപ്പര്‍ ലാചെന്‍പ കൈയിലൊതുക്കി. 10-ാം മിനിറ്റില്‍ മുംബൈ ലീഡ് ഇരട്ടിയാക്കി. ഗ്രെഗ് സ്റ്റുവര്‍ട്ടാണ് ഗോളടിച്ചത്. ലാലിയാന്‍സുല ചാങ്തെയുടെ ക്രോസിന് തലവച്ചാണ് സ്റ്റുവര്‍ട്ട് ലീഡ് രണ്ടാക്കിയത്. ഹെഡര്‍ മുന്നോട്ടു കയറി തടുക്കാന്‍ ഗില്‍ ശ്രമിച്ചെങ്കിലും തോറ്റു. ആദ്യ പത്തു മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളിന് പിന്നിലായി. 12-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയെ ഫൗള്‍ ചെയ്തതിനു മുംബൈയുടെ അഹമ്മദ് ജാഹുവിന് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. അതിനു ലഭിച്ച ഫ്രീകിക്ക് മുതലാക്കാന്‍ ലൂണയ്ക്കായില്ല.
16-ാം മിനിറ്റില്‍ മുംബൈ വീണ്ടും ഗോളടിച്ചു.ബിപിന്‍ സിങ്ങാണ് ഗോളടിച്ചത്. യോര്‍ഗെയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. മുംബൈയുടെ നീക്കം മുന്‍കൂട്ടി കാണാന്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിനായില്ല. ബിപിന്‍ ഇടതുവിങ്ങില്‍നിന്നു തൊടുത്തു ഷോട്ട് പോസ്റ്റിന്റെ വലത്തേ മൂലയില്‍ പതിച്ചു.മൂന്നാം ഗോളുമടിച്ചതോടെ മുംബൈയുടെ ആക്രമണങ്ങള്‍ക്കു ശക്തി കൂടി.
22-ാം മിനിറ്റില്‍ യോര്‍ഗെയുടെ രണ്ടാം ഗോളും വന്നു. അഹമ്മദ് ജാഹുവിന്റെ ത്രൂ ബോളുമായി മുന്നേറിയ അര്‍ജന്റീന താരം ഗില്ലിനെ കാഴ്ചക്കാരന്‍ മാത്രമാക്കി. അരമണിക്കൂര്‍ പിന്നിടും മുമ്പ് നാല് ഗോള്‍ വീണതോടെ ബ്ലാസ്റ്റേഴ്സ് തകര്‍ന്നു. 40-ാം മിനിറ്റിലാണ് അവര്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍ നേടിയെടുത്തത്. 45-ാം മിനിറ്റില്‍ ഡയസിനെ ഫൗള്‍ ചെയ്തതിന് ബ്ലാസ്‌റ്റേഴ്സിന്റെ കെ.പി. രാഹുലിന് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. രണ്ടാം പകുതിയില്‍ ഒരു ഗോളെങ്കിലും തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്സ് പരമാവധി ശ്രമിച്ചു. 63-ാം മിനിറ്റില്‍ മുംബൈയുടെ ഡയസിന്റെ ഷോട്ട് ഗോള്‍ ലൈനില്‍ വെച്ച് രക്ഷപ്പെടുത്തി ബ്ലാസ്‌റ്റേഴ്സ് പ്രതിരോധം ഒരു നാണക്കേട് ഒഴിവാക്കി.
പകരക്കാരനായി ഇറങ്ങിയ അപോസ്തലസ് ജിയാനുവിന് 76-ാം മിനിറ്റില്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോളടിക്കാനായില്ല. രണ്ടാം പകുതിയില്‍ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിയാതെ വന്നു. ലെസ്‌കോവിചും സന്ദീപ് സിങും ഇല്ലാത്തതു കൊണ്ട് തന്നെ ഇവാന്‍ വുകമാനോവിചിന് പ്രതിരോധത്തില്‍ വലിയ മാറ്റങ്ങള്‍ നടത്തേണ്ടി വന്നു. ആ മാറ്റങ്ങള്‍ തിരിച്ചടിയുമായി. ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒന്നാം പകുതിയില്‍ തന്നെ നാല് ഗോളുകള്‍ വഴങ്ങുന്നത്. പരസ്പരമുള്ള ഏറ്റുമുട്ടലുകളിലെ മുന്‍തൂക്കം വര്‍ധിപ്പിക്കാന്‍ മുംബൈക്കായി. 18 മത്സരങ്ങളില്‍ എട്ടിലും അവരാണു ജയിച്ചത്. നാല് മത്സരങ്ങള്‍ ജയിച്ചതും ആറെണ്ണം സമനിലയായതുമാണു ബ്ലാസ്‌റ്റേഴ്‌സിന് എടുത്തു കാണിക്കാനുള്ളത്. അവസാന ആറ് മത്സരങ്ങളില്‍ നാലിലും ജയിച്ചതും മുംബൈയാണ്. മുംബൈ കോച്ച് ഡെസ്മണ്ട് ബെക്കിങാം യോര്‍ഗെയെ മുന്‍നിര്‍ത്തിയ 1-3-2-4 ശൈലിയാണു പരീക്ഷിച്ചത്. വുകുമാനോവിച്ച് ലൂണയെയും ദിമിത്രി ഡയമന്റക്കോസിനെയും മുന്നില്‍ നിര്‍ത്തി.

