മുംബൈ: വിമാനത്തില്‍ സഹയാത്രികയ്ക്കുമേല്‍ യാത്രക്കാരന് മൂത്രമൊഴിച്ച സംഭവം വേദനിപ്പിക്കുന്നതാണെന്ന് ടാറ്റാ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന്. സംഭവത്തില്‍ പെട്ടെന്നുതന്നെ നടപടിയെടുക്കേണ്ടതായിരുന്നെന്നും, എയര്‍ലൈന്‍ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അംഗീകരിച്ച് ചന്ദ്രശേഖരന് പറഞ്ഞു. 2022 നവംബര്‍ 26-ന് എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലുണ്ടായ സംഭവം എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും വ്യക്തിപരമായ വേദനയുണ്ടാക്കുന്ന കാര്യമാണ്. സംഭവത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരുടെ പ്രതികരണം കുറച്ചുകൂടി വേഗത്തിലാകേണ്ടതായിരുന്നു. ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു.
ടാറ്റാ ഗ്രൂപ്പും എയര്‍ ഇന്ത്യയും ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പൂര്‍ണ്ണ ബോധ്യത്തോടെ നിലകൊള്ളുന്നു. അത്തരം അനിയന്ത്രിതമായ സംഭവങ്ങള്‍ തടയുന്നതിനോ പരിഹരിക്കുന്നതിനോ ഉള്ള എല്ലാ നടപടികളും ഞങ്ങള്‍ പുനഃപരിശോധിക്കുകയും ആവശ്യമായ മാറ്റംവരുത്തുകയും ചെയ്യും” – എന്‍. ചന്ദ്രശേഖരന് പറഞ്ഞു.സംഭവം നടന്നതിനു ശേഷം ഫസ്റ്റ് ക്ലാസ് വിഭാഗത്തില്‍ സീറ്റുകള്‍ ഏറെ ഒഴിഞ്ഞുകിടന്നിട്ടും, ഇരയായ സ്ത്രീക്ക് മറ്റൊരു സീറ്റ് നല്കാന് അധികൃതര്‍ തയാറായില്ലെന്ന് അവരുടെ സഹയാത്രികന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

