കേരള കോടതികളിലെ പരിചയവും പരിശീലനവും പ്രാഗത്ഭ്യം തെളിയിച്ചു: യു.എസില്‍ ജഡ്ജിയായി കാസര്‍ഗോട്ടുകാരന്‍

ഡാലസ് (ടെക്സാസ്): ഉപജീവനത്തിനായി പത്താം ക്ലാസില്‍ പഠനമുപേക്ഷിച്ച് ബീഡിത്തൊഴിലാളിയായ കാസര്‍ഗോഡുകാരന്‍ യു.എസില്‍ ജഡ്ജി! ടെക്സസിലെ ഫോര്‍ട് ബെന്റ് കൗണ്ടി ജില്ലാ ജഡ്ജിയായി ചുമതലയേറ്റ കാസര്‍ഗോഡ് സ്വദേശി സുരേന്ദ്രന്‍ കെ. പട്ടേലാണ് (51) ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട് ഉന്നതങ്ങളിലെത്തിയത്.സുരേന്ദ്രന്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ സ്‌കൂള്‍ പഠനം നിര്‍ത്തുകയായിരുന്നു. വീട്ടിലെ ദരിദ്രമായ സാഹചര്യങ്ങളായിരുന്നു കാരണമെന്ന് അദ്ദേഹം ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പഠിത്തം തുടരാനാവാത്ത സാഹചര്യത്തിലാണ്, വീടിനടുത്തുള്ള ബീഡിക്കമ്പനിയില്‍ ജോലിക്കു പോയത്. ബീഡി തെറുപ്പുകാരനായി ജോലി ചെയ്ത ഒരു വര്‍ഷമാണ് തന്റെ ജീവിതത്തെ മാറ്റി മറിച്ചതെന്ന് അദ്ദേഹം പറയുന്നു.

ബീഡിക്കമ്പനിയില്‍ പരിചയപ്പെട്ട സുഹൃത്തുക്കളില്‍ ചിലരാണ് പഠിക്കാന്‍ മിടുക്കനായ സുരേന്ദ്രനെ വീണ്ടും പഠിക്കാന്‍ നിര്‍ബന്ധിച്ചത്. എളേരിത്തട്ട് ഇ.കെ നായനാര്‍ മെമ്മോറിയല്‍ ആര്‍ട്സ് കോളജിലാണ് ചേര്‍ന്നത്. കൂലിപ്പണി ചെയ്ത് കിട്ടുന്ന കാശു കൊണ്ടായിരുന്നു ഈ സമയത്ത് കോളജില്‍ പോയിരുന്നത്. അതിനാല്‍ തന്നെ പലപ്പോഴും ക്ലാസില്‍ പോവാന്‍ കഴിഞ്ഞില്ല. ഹാജര്‍ കുറവായതിനാല്‍, പരീക്ഷയ്ക്ക് എഴുതാനാവാത്ത അവസ്ഥ വന്നു. തന്റെ അവസ്ഥ അധ്യാപകനോടു പറഞ്ഞ സുരേന്ദ്രന്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും മാര്‍ക്ക് കുറഞ്ഞാല്‍, അടുത്ത വര്‍ഷം തന്നെ പരീക്ഷയ്ക്കിരിക്കാന്‍ അനുവദിക്കേണ്ടെന്നും പറഞ്ഞു. ആ പരീക്ഷയില്‍ കോളജിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് സുരേന്ദ്രനായിരുന്നു. കോഴിക്കോട് ഗവ. ലോ കോളജില്‍ എല്‍.എല്‍.ബിക്ക് ചേരണമെന്നായിരുന്നു സുരേന്ദ്രന്റെ മോഹം. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ഇത് താങ്ങാനാകുമായിരുന്നില്ല. ഒടുവില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഹോട്ടലില്‍ പാര്‍ട്ട്‌ െടെം ജോലി സംഘടിപ്പിച്ച് പഠനം മുന്നോട്ടു കൊണ്ടുപോയി. 1997 ല്‍ എല്‍.എല്‍.ബി. പൂര്‍ത്തിയാക്കി. 1996 ല്‍ ഹോസ്ദുര്‍ഗില്‍ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. മികച്ച അഭിഭാഷകനെന്ന് പേരെടുത്തു. മൂന്നു വര്‍ഷം സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു.

അതിനിടെ ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട് 2007 ല്‍ യു.എസിലെ ഹൂസ്റ്റണിലേക്ക് ചേക്കേറി. പിന്നീട് ടെക്സസിലെ ബാര്‍ എക്സാം എഴുതി. ആദ്യ അവസരത്തില്‍ തന്നെ ജയിച്ചു. പിന്നീട്, ഹൂസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ലോ സെന്ററില്‍നിന്നും എല്‍.എല്‍.എം കോഴ്സ് പാസായി. അതിനിടെ, അമേരിക്കന്‍ പൗരത്വം കിട്ടിയിരുന്നു. ഭാര്യയും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം ഹൂസ്റ്റണിലായിരുന്നു പിന്നീടുള്ള ജീവിതം. നിയമപഠനം പൂര്‍ത്തിയായ ശേഷം കേരളത്തിലെ കോടതികളില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച വര്‍ഷങ്ങളാണ് അമേരിക്കയില്‍ പിടിച്ചു നില്‍ക്കാനുള്ള കരുത്തേകിയതെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. കേരള കോടതികളിലെ പരിചയവും പരിശീലനവുമാണ് അമേരിക്കയിലും പ്രാഗത്ഭ്യം തെളിയിക്കാന്‍ ധൈര്യം നല്‍കിയത്.

അമേരിക്കയിലേക്കുള്ള വഴികള്‍ ഒട്ടും എളുപ്പമായിരുന്നില്ല. ഏറെ കഷ്ടപ്പെട്ടാണ് അദ്ദേഹം നിയമവിദഗ്ധന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത്. ”ടെക്സസില്‍ ഡിസ്ട്രിക് ജഡ്ജ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍, എന്റെ ഉച്ചാരണത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുകയും എനിക്കെതിരേ നിഷേധാത്മക പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തു.ഡെമോക്രാറ്റിക് പ്രൈമറിയി-ലേക്ക് മത്സരിച്ചപ്പോള്‍ ഞാന്‍ വിജയിക്കുമെന്ന് സ്വന്തം പാര്‍ട്ടി പോലും കരുതിയിരുന്നില്ല”- സുരേന്ദ്രന്‍ പറഞ്ഞു.എനിക്ക് ഇത് നേടാനാകുമെന്ന് ആരും വിശ്വസിച്ചില്ല. പക്ഷേ ഇതാ ഞാന്‍. എല്ലാവര്‍ക്കും ഒരു സന്ദേശം മാത്രമേയുള്ളൂ. നിങ്ങളുടെ ഭാവി തീരുമാനിക്കാന്‍ ആരെയും അനുവദിക്കരുത്. അത് തീരുമാനിക്കേണ്ടത് നിങ്ങള്‍ മാത്രമായിരിക്കണം” അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം