കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല: കെ.എസ്.ആര്‍.ടി.സിയില്‍ അനിശ്ചിതകാല സമരം തുടങ്ങി

തിരുവനന്തപുരം: കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി.പ്രതിപക്ഷ യൂണിയനായ ടി.ഡി.എഫ്. ചീഫ് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഭരണകക്ഷി യൂണിയനായ സി.ഐ.ടി.യു. മേഖലാതലത്തില്‍ പ്രതിഷേധ ജാഥകള്‍ തുടങ്ങി. എല്ലാ മാസവും അഞ്ചിനു മുന്‍പ് ശമ്പളം നല്‍കാമെന്ന, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ ധാരണ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

ശമ്പളം ഔദാര്യമല്ല അവകാശമാണെന്ന് മനസിലാകാത്തത് പിണറായി സര്‍ക്കാരിനും മാനേജ്‌മെന്റിനും മാത്രമാണെന്ന് ടി.ഡി.എഫ്. സമരം ഉന്ഘാടനം ചെയ്ത തമ്പാനൂര്‍ രവി കുറ്റപ്പെടുത്തി. ശമ്പളം കിട്ടുന്നതുവരെ നിരാഹാര സമരം തുടരുമെന്നും കൂടുതല്‍ പ്രവര്‍ത്തകരെ അണിനിരത്തുമെന്നും എം. വിന്‍സന്റ് എം.എല്‍.എ. അറിയിച്ചു.
ക്രിസ്മസ് അവധിക്കാലത്ത് റെക്കോഡ് കളക്ഷനാണ് കെ.എസ്.ആര്‍.ടി.സിക്കു ലഭിച്ചത്. 12 ദിവസംകൊണ്ട് 90.41 കോടി വരുമാനമാണു നേടിയത്. ഡിസംബറിലെ വരുമാനം 222.32 കോടിയെന്ന സര്‍വകാല റെക്കോഡിലുമെത്തി. ചരിത്രത്തില്‍ ഇതുവരെ കെ.എസ്.ആര്‍.ടി.സി. വരുമാനം 200 കോടി തികച്ചിട്ടില്ല. ക്രിസ്മസ് തലേന്ന് 8.3 കോടി രൂപയാണു കളക്ഷന്‍. ഡിസംബര്‍ 23ന് 8.13 കോടിയും ജനുവരി രണ്ടിന് 8.2 കോടിയും കളക്ഷന്‍ നേടിയിരുന്നു. കളക്ഷന്‍ ഡീസലടക്കമുള്ള അത്യാവശ്യ ചെലവുകള്‍ക്ക് ഉപയോഗിക്കണമെന്നാണ് മാനേജ്‌മെന്റ് വാദം. ഇതാണ് ജീവനക്കാരെ പ്രതിഷേധത്തിലേക്ക് എത്തിച്ചത്.

അതേസമയം ശമ്പളവിതരണത്തിനായി ധനവകുപ്പ് കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി അനുവദിച്ചു. 50 കോടി വേണമെന്നായിരുന്നു ആവശ്യം. ശമ്പളവിതരണത്തിന് 87 കോടിയാണ് വേണ്ടത്.ധനവകുപ്പ് 20 കോടി കൂടി അനുവദിച്ചാല്‍ 37 കോടി ഓവര്‍ഡ്രാഫ്റ്റ് എടുത്ത് ശമ്പളവിതരണം തുടങ്ങാനാകുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →