ഇന്ത്യ- ശ്രീലങ്ക ട്വന്റി20 ക്രിക്കറ്റ് പരമ്പര: അവസാന മത്സരം ജനുവരി 7 ന്

രാജ്‌കോട്ട്: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെതും അവസാനത്തേതുമായ മത്സരം ജനുവരി 7 ന് നടക്കും. രാജ്‌കോട്ടിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണ് മത്സരം.പരമ്പര 1-1 നു തുല്യനിലയിലായതിനാല്‍ ഇന്നത്തെ ജയം നിര്‍ണായകമാണ്. ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ റണ്‍ മഴ പ്രതീക്ഷിക്കാം. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കാണ് ഇവിടെ വിജയ ശതമാനം കൂടുതല്‍.

അതുകൊണ്ടു ടോസ് നേടുന്നത് ഫീല്‍ഡിങ് തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്. തെളിഞ്ഞ ആകാശവും കാലാവസ്ഥയും മത്സരത്തിന് അനുകൂലമാണ്.
2019 ലാണ് ഇന്ത്യ അവസാനം ഒരു ദ്വിരാഷ്ട്ര ട്വന്റി20 പരമ്പര കൈവിടുന്നത്. ഓസ്‌ട്രേലിയ ഇന്ത്യയെ 2-0 ത്തിനു തോല്‍പ്പിച്ചു. തുടര്‍ച്ചയായ 11 ജയങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യ തോറ്റത്. ശ്രീലങ്ക ആദ്യമായാണു രാജ്‌കോട്ടില്‍ കളിക്കുന്നത്. മൂന്ന് വിക്കറ്റ് നേടിയാല്‍ ട്വന്റി20 യിലെ ഇന്ത്യയുടെ വേട്ടക്കാരില്‍ മുമ്പനാകാന്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹാലിനാകും. ഭുവനേശ്വര്‍ കുമാറാണ് (90) ട്വന്റി20 യിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍.

രണ്ടാമത്തെ മത്സരത്തില്‍ തോറ്റെങ്കിലും അന്തിമ ഇലവനില്‍ മാറ്റം വരുത്തില്ലെന്ന് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. തുടരെ മൂന്ന് നോബോളുകളെറിഞ്ഞു വില്ലനായ അര്‍ഷദീപ് സിങിനെ ദ്രാവിഡ് ന്യായീകരിച്ചിരുന്നു. ഫോം മങ്ങിയ ഭാനുക രാജപക്‌സെയ്ക്കു പകരം സദീര സമരവിക്രമെയെ ഉള്‍പ്പെടുത്താനുള്ള ആലോചനയിലാണു ലങ്ക. ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ 58.80 ശരാശരിയില്‍ 294 റണ്ണെടുക്കാന്‍ സദീരയ്ക്കായി. ഭാനുക കഴിഞ്ഞ 10 മത്സരങ്ങളിലായി 15.22 ശരാശരിയില്‍ 137 റണ്ണാണ് എടുത്തത്.രണ്ട് ഓവറുകളിലായി അഞ്ച് നോബോളുകള്‍ എറിഞ്ഞ അര്‍ഷദീപ് സിങ് ഇന്നു തിരിച്ചുവരുമെന്ന പ്രതീക്ഷിയിലാണ് ടീം ഇന്ത്യ. ഓവര്‍ സ്‌റ്റെപ്പിങ് താരത്തെ നിരന്തരം അലട്ടുന്ന വിഷയമാണ്. ഇന്ത്യക്കെതിരേ കളിക്കാനിഷ്ടപ്പെടുന്ന താരമാണ് ദാസുന്‍ ഷനക. ആദ്യ മത്സരത്തില്‍ 27 പന്തില്‍ 45 റണ്ണെടുത്ത ദാസുന്‍ ലങ്കയുടെ ജയ പ്രതീക്ഷ സജീവമാക്കി.

രണ്ടാമത്തെ മത്സരത്തില്‍ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയും കുറിച്ചു. അവസാന ഓവര്‍ എറിഞ്ഞ ലങ്കന്‍ നായകന്‍ രണ്ട് നിര്‍ണായക വിക്കറ്റുകളുമായി ജയവും കുറിച്ചു. ഇന്ത്യക്കെതിരേ നടന്ന അവസാന അഞ്ച് മത്സരങ്ങളിലും (22 പന്തില്‍ 56), (27 പന്തില്‍ 45), (18 പന്തില്‍ 33), (38 പന്തില്‍ 74), (19 പന്തില്‍ 47) തിളങ്ങാനുമായി. ഇന്ത്യക്കെതിരേ 23 കളികളിലായി 14 വിക്കറ്റുകളും കുറിച്ചു. ഇന്ത്യന്‍ നായകനായ ശേഷം ആദ്യമായാണു ഹാര്‍ദിക് പാണ്ഡ്യ തോല്‍വി നേരിടുന്നത്. ഇതുവരെ ഏഴ് ട്വന്റി20 കളില്‍ ഇന്ത്യയെ നയിച്ചു.

സാധ്യതാ ടീം: ഇന്ത്യ – ഇഷാന്‍ കിഷന്‍, ശുഭ്മന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (നായകന്‍), ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ശിവം മാവി, ഉമ്രാന്‍ മാലിക്ക്, അര്‍ഷദീപ് സിങ്, യുസ്‌വേന്ദ്ര ചാഹാല്‍.

സാധ്യതാ ടീം: ശ്രീലങ്ക- പാതും നിസങ്ക, കുശല്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ, ചരിത അസാലങ്ക, ഭാനുക രാജപക്‌സെ/സദീര സമരവിക്രമെ, ദാസുന്‍ ഷനക (നായകന്‍), വാനിന്ദു ഹസരങ്ക, ചാമിക കരുണരത്‌നെ, മഹീഷ തീക്ഷ്ണ, കാസുന്‍ രജിത, ദില്‍ഷന്‍ മധുശനക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →