കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനകീയോത്സവമായി മാറിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കലോത്സവം അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. എല്ലാവിഭാഗം ജനങ്ങളും പൂര്‍ണമായും ഒരേ മനസോടെ കലോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. കോഴിക്കോടിന്റെ മുഴുവന്‍ സ്‌നേഹവും ആതിഥ്യവും മേളയില്‍ പ്രകടമാണ്. ഇതുവരെ 151 ഇനങ്ങള്‍ പൂര്‍ത്തിയായി.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപ്പീലുകളുടെ എണ്ണത്തിലും വലിയകുറവുണ്ടായി. ഇതുവരെ ലഭിച്ചത് 301 ലോവര്‍ അപ്പീലുകളാണ്. ഡി.ഡി.ഇ. – 222, െഹെക്കോടതി – 7, ജില്ലാകോടതി – 23, മുന്‍സിഫ് കോടതികള്‍ – 48, ലോകായുക്ത – 1 എന്നിങ്ങനെയാണ് ഇതുവരെ ലഭിച്ച അപ്പീലുകള്‍. ഹയര്‍ അപ്പീലില്‍ 93 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 63 എണ്ണത്തിന്റെ ഹിയറിംഗ് കഴിഞ്ഞു.
സംഘാടകസമതിയുടെ ഇടപെടലിനെത്തുടര്‍ന്ന് മത്സര ഇനങ്ങള്‍ സമയ ബന്ധിതമായി ആരംഭിക്കുവാനും പൂര്‍ത്തിയാക്കുവാനും കഴിയുന്നുണ്ട്. എല്ലാ വേദികളിലും ആവശ്യത്തിനുളള കുടിവെള്ളവും വൈദ്യസഹായവും ഭക്ഷണപ്പന്തല്‍ ഉള്‍പ്പെടെയുളള വേദികളെ ബന്ധിപ്പിച്ചു കൊണ്ടുള്ള വാഹന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
ആദ്യദിനം 2309 പേരും രണ്ടാം ദിനം 2590 പേരും മൂന്നാം ദിനം 2849 പേരുമായിരുന്നു മത്സരാര്‍ത്ഥികള്‍. നാലാം ദിനം 2161 പേരും സമാപന ദിവസം 499 പേരും വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും.വിഭവസമൃദ്ധമായ ഭക്ഷണമാണ് പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തില്‍ നല്‍കി വരുന്നത്. മൂന്നുനേരങ്ങളിലായി ആദ്യദിനം 30, 000 പേര്‍ക്കും രണ്ടാം ദിനം 40, 000 പേര്‍ക്കും മൂന്നാം ദിനം 30, 000 പേര്‍ക്കും ഭക്ഷണം നല്‍കി.
കലാമത്സരങ്ങള്‍ വീക്ഷിക്കുന്നതിനായി അത്ഭുത പൂര്‍വമായ തിരക്കാണ് ഓരോ വേദിയിലും അനുഭവപ്പെടുന്നത്. ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍, വിവിധ വകുപ്പുകള്‍, പൊതു ജനങ്ങള്‍ എന്നിവരുടെ മികച്ച സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിട്ടുളളത്. മേളയുടെ ഉദ്ഘാടനത്തില്‍ അവതരിപ്പിച്ച സ്വാഗതഗാനം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്നും അടുത്ത വര്‍ഷം കലോത്സവ മാന്വല്‍ പരിഷ്‌കരണത്തിനുശേഷം ഭക്ഷണപ്പന്തല്‍ രണ്ടിടങ്ങളിലായി സജ്ജീകരിച്ച് തിരക്കുകുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കലോത്സവത്തോടനുബന്ധിച്ച് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന സാംസ്‌ക്കാരിക സായാഹ്‌നം പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌ക്കാരിക സായാഹ്‌നത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സുനില്‍ പി ഇളയിടം, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. ഇതോടനുബന്ധിച്ചു വിവിധ കലാപരിപാടികളും അരങ്ങേറുന്നു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പൊതുവിദ്യാഭ്യാസ ഡയര്‍ക്ടര്‍ ജീവന്‍ ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

