ബ്രിട്ടാസിന്റെ പ്രസംഗത്തിനെതിരേ രാജ്യസഭാ ചെയര്‍മാന് പരാതി

തിരുവനന്തപുരം: കോഴിക്കോട് നടന്ന കേരള നവദുല്‍ മുജാഹിദീന്‍ സംസ്ഥാന സമ്മേളനത്തില്‍ ജോണ്‍ ബ്രിട്ടാസ് എം.പി. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നു ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കറിനു പരാതി നല്‍കി. മതങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിനു പ്രരിപ്പിക്കുന്നതുമാണു പ്രസംഗമെന്നും ബ്രിട്ടാസിനെതിരേ നടപടി വേണമെന്നും പരാതിയില്‍ പറയുന്നു.
അതിനിടെ, രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസും സി.പി.എമ്മും നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നു ബി.ജെ.പി. ആരോപിച്ചു. ഒരു മതസംഘടനയുടെ വേദിയില്‍ ഇതരവിഭാഗങ്ങള്‍ക്കെതിരേ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിനെതിരേ പോലീസ് കേസെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

”മുസ്ലിം വിഭാഗത്തില്‍ ഭയവും വിദ്വേഷവും സൃഷ്ടിച്ച് സംസ്ഥാനത്തെ സ്വൈര്യജീവിതം തകര്‍ക്കുകയാണ് ഇത്തരം പ്രസ്താവനകളുടെ ലക്ഷ്യം. അതേ വേദിയില്‍ സംഘപരിവാറിനെ നേരിടാന്‍ മുസ്ലിംകളെല്ലാം സി.പി.എമ്മിന്റെ കീഴില്‍ അണിനിരക്കണമെന്നാണ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. മതങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളായി സി.പി.എം. മാറിക്കഴിഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ സി.പി.എമ്മിന്റെ കൂടെ നിന്നാല്‍ മതി. സംവാദങ്ങളും ചര്‍ച്ചകളും ഞങ്ങള്‍ നടത്തിക്കൊള്ളാമെന്നാണ് ബ്രിട്ടാസ് പറയുന്നത്. മുസ്ലിം സംഘടനകളുടെ വേദിയില്‍ ആരൊക്കെ സംസാരിക്കണമെന്നും എന്ത് സംസാരിക്കണമെന്നും സി.പി.എം. തീരുമാനിക്കുമെന്നാണ് അവര്‍ പറയുന്നത്. രാജ്യത്ത് മുസ്ലിംകള്‍ അപകടത്തിലാണെന്നും ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ ഐക്യം സാധ്യമല്ലെന്നുമാണ് ഇവരുടെ ഭാഷ്യം. മുസ്ലിംകള്‍ക്ക് ജീവിക്കാന്‍ സാധ്യമല്ലാത്ത സാഹചര്യമുള്ളത് കമ്യൂണിസ്റ്റ് രാജ്യങ്ങളിലാണെന്നു മറക്കരുത്.”- കെ.സുരേന്ദ്രന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →