കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവും അധ്യാപകനുമായ ഫര്‍സീന്‍ മജീദ് തിരികെ ജോലിയില്‍ പ്രവേശിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ യു.പി. സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദ് ആറു മാസത്തിനുശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്.
2022 ജൂണ്‍ 13ന് കണ്ണൂര്‍-ഇന്‍ഡിഗോ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയപ്പോഴായിരുന്നു യാത്രക്കാരായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഫര്‍സീന്‍, നവീന്‍ കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കെതിരേമുദ്രാവാക്യം വിളിച്ചത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റാണ് ഫര്‍സീന്‍ മജീദ്.
വിമാനത്തില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ഇ.പി. ജയരാജനെതിരേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും ഇന്‍ഡിഗോ എയർലൈന്‍സ് നടപടിയെടുത്തിരുന്നു. ഇ.പി. ജയരാജന് മൂന്ന് ആഴ്ചത്തെ വിലക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചത്തെ വിലക്കുമാണ് ഏര്‍പ്പെടുത്തിയിരുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏവിയേഷന്‍ നിയമങ്ങള്‍ പ്രകാരമുള്ള ലെവല്‍ ഒന്ന് കുറ്റങ്ങളും ഇ.പി. ജയരാജന്‍ ലെവല്‍ രണ്ട് കുറ്റവുമാണ് നടത്തിയതെന്നായിരുന്നു ഇന്‍ഡിഗോ എയല്‍െലെന്‍സിന്റെ കണ്ടെത്തല്‍.