മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഉള്‍പ്പെടുത്തി. പരുക്കിന്റെ പിടിയിലായിരുന്ന ബുംറ കായിക ക്ഷമത വീണ്ടെടുത്തതായി ബി.സി.സി.ഐ. അറിയിച്ചു.പുറംവേദനയെ തുടര്‍ന്ന് 2022 സെപ്റ്റംബര്‍ മുതല്‍ ബുംറ ടീമിന് പുറത്താണ്. കഴിഞ്ഞ ട്വന്റി20 ലോകകപ്പും താരത്തിന് നഷ്ടമായി. ലോകകപ്പിന് മുമ്പ് നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പായി നടന്ന പരിശീലനത്തിനിടെ പുറംവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബുംറ പിന്മാറിയിരുന്നു. പരുക്ക് കാരണം ഏഷ്യാ കപ്പിലും കളിക്കാനായില്ല.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ബുംറയെ പരിഗണിച്ചിരുന്നില്ല. പരുക്ക് ഭേദമായതിനെ തുടര്‍ന്നാണു ടീമില്‍ ഉള്‍പ്പെടുത്തിയത്. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിനു തയാറെടുക്കുകയാണ് ടീം ഇന്ത്യ. ബുംറയുടെ മടങ്ങി വരവ് പേസ് ബൗളിങ്ങ് ശക്തിപ്പെടുത്തും. ശ്രീലങ്കയ്‌ക്കെതിരേ 10, 12,15 തീയതികളിലായി മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക.
ഏകദിന ടീം: രോഹിത് ശര്‍മ (നായകന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹാല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്.

