കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്ന കണ്ണൂരിലെ പ്രമുഖ അഭിഭാഷകന്‍ ടി.പി. ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍ നിയമയുദ്ധത്തിലേക്ക്.
ടി.പി. ഹരീന്ദ്രന്‍, വാര്‍ത്ത സംപ്രേക്ഷണം ചെയ്ത ചാനലിന്റെ എം.ഡി, റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കെതിരേ ലീഗ് ക്രിമിനല്‍ കേസ് കൊടുത്തപ്പോള്‍, സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന മുന്നറിയിപ്പുമായി ടി.പി. ഹരീന്ദ്രന്‍. ഇതോടെ മുസ്ലിം ലീഗ് പ്രതിരോധത്തില്‍. നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ എതിര്‍വിഭാഗം ഉയര്‍ത്തിയ ആരോപണങ്ങള്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനുമായി അടുത്ത ബന്ധമുള്ള ഒരു അഭിഭാഷകന്‍ തന്നെ ഉയര്‍ത്തിയതാണ് മുസ്ലിം ലീഗ് നേതൃത്വത്തെ പ്രകോപിച്ചത്.
2012 ല്‍ ആണ് കണ്ണപുരം വള്ളുവന്‍കടവില്‍ എം.എസ്.എഫ്. പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ മണിക്കൂറുകളോളം ബന്ദിയാക്കിയശേഷം കുത്തിക്കൊന്നത്. കണ്ണൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകമായിരുന്നു ഇത്. അതുകൊണ്ടുതന്നെ, പ്രതി പി. ജയരാജനെ കൊലക്കേസില്‍നിന്ന് ഒഴിവാക്കാന്‍ ലീഗ് നേതാവായ പി.കെ കുഞ്ഞാലിക്കുട്ടി ചരടുവലി നടത്തിയെന്ന ആരോപണം ലീഗ് പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതല്ല. ടി.പി. ഹരീന്ദ്രന്റെ പിന്നില്‍ മറ്റു ചിലരുണ്ടെന്നും ഇവര്‍ ഗൂഢാലോചന നടത്തിയെന്നുമാണ് ലീഗ് നേതൃത്വം ഉയര്‍ത്തുന്ന വാദം.

