തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു വരെ നീട്ടിയ, കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം 02/01/2023 പൊടുന്നനെ അവസാനിപ്പിച്ചു. രാജ്യത്തെ റേഷന്‍ വിതരണത്തില്‍ ഈ മാസം ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നയപരമായ മാറ്റം വരുത്തിയതിനെത്തുടര്‍ന്നാണിത്.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കിവരുന്ന പി.എം.ജി.കെ.എ.െവെ. വിഹിതം കഴിഞ്ഞ മാസം വാങ്ങാത്തവര്‍ക്ക് 10-വരെ വാങ്ങുന്നതിനുള്ള അവസരം ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ 03/01/2023 സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് അവധിയാണ്. 04/01/2023 മുതല്‍ ഈ മാസത്തെ റേഷനും കഴിഞ്ഞ മാസത്തെ പി.എം.ജി.കെ.എ.വൈയും വിതരണം ആരംഭിക്കും.
ഒന്നു മുതല്‍ അന്ത്യോദയ-അന്നയോജന കാര്‍ഡുകള്‍ക്കു പുറമേ പി.എച്ച്.എച്ച്. കാര്‍ഡുടമകള്‍ക്കു കൂടി റേഷന്‍ വിഹിതം സൗജന്യമാക്കിയിരുന്നു. ഇതുപ്രകാരം കഴിഞ്ഞ 31-ലെ നീക്കിയിരിപ്പ് ഈ മാസം ഒന്നു മുതല്‍ ആരംഭിക്കുന്ന സൗജന്യ റേഷന്‍ വിഹിതത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയ സാഹചര്യത്തില്‍, കേരളത്തിലും അതു നടപ്പിലാക്കേണ്ടതിനാലാണ് വിതരണം നിര്‍ത്തിയതെന്നു മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

