തിരുവനന്തപുരം: ജര്‍മ്മനിയിലെ ചികിത്സയ്ക്കുശേഷം ബംഗളുരുവില്‍ വിശ്രമത്തിലായിരുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തു മടങ്ങിയെത്തി. ഇന്നലെയാണ് അദ്ദേഹം തലസ്ഥാനത്തെ വീട്ടില്‍ തിരിച്ചെത്തിയത്. ജര്‍മ്മനിയിലെ ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടി തൊണ്ടയിലെ ലേസര്‍ ശസ്ത്രക്രിയയ്ക്കു വിധേയനായത്.
ആരോഗ്യവാനാണെന്നും തുടര്‍ന്നും രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകുമെന്നും സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കില്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സോളാര്‍ കേസില്‍ ആശങ്കയില്ലായിരുന്നു. സത്യം വിട്ടൊരു തീരുമാനം ഉണ്ടാവില്ലെന്നു വിശ്വാസമുണ്ടായിരുന്നു. തെളിവുകളില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതിനെക്കുറിച്ച് നീതിബോധമുള്ള ജനങ്ങള്‍ ചിന്തിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ ശിപാര്‍ശ ചെയ്യാതെ പരാതിക്കാരിയുടെ വാക്കുകേട്ട് സി.ബി.ഐ. അന്വേഷണത്തിനു പോയതില്‍ മാത്രം സര്‍ക്കാരിനോട് പരിഭവമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.