കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് യോഗ്യതാ മത്സരത്തില്‍ ഗംഭീര തുടക്കം. ഇ.എം.എസ്. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് 2 മത്സരത്തില്‍ രാജസ്ഥാനെ ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം തുടങ്ങിയത്.
ആക്രമണ ശൈലിയുമായി മൈതാനം നിറഞ്ഞു കളിച്ച കേരളത്തിന് മുന്നില്‍ നിറം മങ്ങിയ രാജസ്ഥാന്‍ പതറി. കളി മറന്ന അവര്‍ മൈതാനത്ത് ചിതറി. അതോടെ കേരളത്തിന്റെ മുന്നേറ്റനിര തകര്‍ത്താടി. 76-ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ തന്നെ കേരളം ഒന്നാമതെത്തി. വിഘ്നേഷ്, നരേഷ്, റിസ്വാന്‍ എന്നിവര്‍ കേരളത്തിനായി ഇരട്ട ഗോളുകളടിച്ചു. നിജോ ഗില്‍ബര്‍ട്ടാണ് ഒരു ഗോളിന്റെ ഉടമ. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജമ്മു കശ്മീര്‍ ബിഹാറിനെ 2-0 ത്തിനു തോല്‍പ്പിച്ചു. രാജസ്ഥാനെതിരേ ആറാം മിനിറ്റില്‍ കേരളം മുന്നിലെത്തി.
പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ വന്ന പന്ത് ഗില്‍ബര്‍ട്ട് സ്വീകരിച്ച് അനായാസം വലകുലുക്കി. വിഘ്നേഷ് 12-ാം മിനിറ്റില്‍ ലീഡ് ഇരട്ടിയാക്കി. മുന്നോട്ടു കയറിയ രാജസ്ഥാന്‍ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നാണു ഗോള്‍ പിറന്നത്. 20-ാം മിനിറ്റില്‍ വിഘ്‌നേഷ് വീണ്ടും വലകുലുക്കി. പന്തുമായി ഇടതുവിങ്ങിലൂടെ ബോക്‌സിലേക്ക് മുന്നേറിയ വിഘ്‌നേഷിന്റെ വലംകാലന്‍ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയില്‍ തുളച്ചുകയറി. 23-ാം മിനിറ്റില്‍ കേരളം യുവതാരം നരേഷിലൂടെ വലകുലുക്കി. നരേഷ് പ്രതിരോധതാരങ്ങളെ വകഞ്ഞുമാറ്റി ഗോള്‍ കീപ്പറെയും മറികടന്ന് പന്ത് വലയിലെത്തിച്ചു. 36-ാം മിനിറ്റില്‍ നരേഷ് തന്നെ വീണ്ടും ഗോളടിച്ചു. ബോക്സിലേക്ക് ഒറ്റയ്ക്ക് മുന്നേറിയ നരേഷ് ഗോള്‍ കീപ്പര്‍ക്ക് അവസരം നല്‍കാതെ ഗോളാക്കി. 36 മിനിറ്റ് കഴിയും മുമ്പ് അഞ്ചു ഗോളുകളടിച്ചു നിലവിലെ ചാമ്പ്യന്‍മാര്‍ കരുത്തുതെളിയിച്ചു.രണ്ടാം പകുതിയിലും കേരളം ഗോളടി തുടര്‍ന്നു. 54-ാം മിനിറ്റില്‍ ആറാം ഗോളടിച്ചു. റിസ്വാനാണ് ഇത്തവണ വലകുലുക്കിയത്. വിഘ്നേഷിന്റെ പാസ് സ്വീകരിച്ച റിസ്വാന്‍ അനായാസം വലകുലുക്കി. 81-ാം മിനിറ്റില്‍ റിസ്വാന്‍ വീണ്ടും വലകുലുക്കി. ബോക്സിനുള്ളില്‍ വെച്ച് പ്രതിരോധതാരങ്ങളെ മറികടന്നു മികച്ച ഫിനിഷിലൂടെ റിസ്വാന്‍ ഗോളടിച്ചു. 29 നു നടക്കുന്ന അടുത്ത മത്സരത്തില്‍ ബിഹാറാണ് കേരളത്തിന്റെ എതിരാളികള്‍.

