മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തയാറെടുത്ത് കര്‍ണാടക

ബംഗളുരു: രാജ്യത്തു വീണ്ടും കോവിഡ് ആശങ്ക വര്‍ധിച്ചതിനു പിന്നാലെ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍. മാസ്‌ക്ധാരണവും സാമൂഹിക അകലം പാലിക്കലും സാനിറ്റൈസര്‍ ഉപയോഗവും കര്‍ശനമാക്കി വൈറസിനെ വരുതിയിലാക്കാനാണ് ശ്രമം.

കര്‍ണാടക, രാജസ്ഥാന്‍ സര്‍ക്കാരുകളാണു കോവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കര്‍ണാടകയില്‍ എയര്‍ കണ്ടീഷന്‍ഡ് മുറികളിലും അടച്ചിട്ട ഇടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കും. ഫ്‌ളൂ ലക്ഷണങ്ങളും ശ്വാസതടസപ്രശ്‌നങ്ങളും പ്രകടിപ്പിക്കുന്നവരെ നിര്‍ബന്ധിത പരിശോധനയ്ക്കു വിധേയരാക്കാനും കര്‍ണാടക സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. സംസ്ഥാനത്ത് വിമാനമിറങ്ങുന്ന രാജ്യാന്തര യാത്രികരില്‍ രണ്ടു ശതമാനം പേരില്‍ റാന്‍ഡം പരിശോധന നടത്താനുള്ള കേന്ദ്രഉത്തരവ് ഉടന്‍ പാലിക്കുമെന്നും കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു.

രാജസ്ഥാന്‍ സര്‍ക്കാരും കോവിഡ് മുന്നൊരുക്കങ്ങള്‍ കര്‍ശനമാക്കി. നിരീക്ഷണം ശക്തമാക്കാനും ജനിതക ശ്രേണീകരണത്തിന് ഊന്നല്‍ നല്‍കാനും എല്ലാ ജില്ലകളിലെയും ചീഫ് മെഡിക്കല്‍- ആരോഗ്യ ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.വൈറസ് വ്യാപനം രൂക്ഷമായാല്‍ പ്രതിരോധം തീര്‍ക്കാന്‍ അപായനിഴലിലുള്ള വിഭാഗങ്ങളെ മുന്‍കൂട്ടി കണ്ടെത്തണമെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →