ബി.എഫ്. 7 ഒമിക്രോണ്‍ വകഭേദങ്ങളില്‍ ഏറ്റവും വില്ലന്‍ , അറിയാം: പുതിയ വകഭേദത്തെ

കൊച്ചി:പടരുന്ന ബി.എഫ്. 7 ഒമിക്രോണ്‍ വകഭേദങ്ങളില്‍ ഏറ്റവും വില്ലന്‍. മനുഷ്യന്റെ പ്രതിരോധശേഷിയെ മറികടക്കാന്‍ കെല്‍പ്പുള്ളവയില്‍ ഒന്നാം സ്ഥാനത്താണ് ബി.എഫ്. 7. വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് ബാധിച്ചു സ്വാഭാവിക പ്രതിരോധം നേടിയവര്‍ക്കും ബി.എഫ്. 7 പിടിപെടുന്നുണ്ട്. ശരീരത്തിനുള്ളില്‍ കടന്നാല്‍ താരതമ്യേന ഗുരുതരാവസ്ഥ കുറവാണുതാനും.രാജ്യത്ത് ഗുജറാത്തില്‍ കഴിഞ്ഞ ഒക്‌ടോബറിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. രണ്ടുമാസം പിന്നിട്ടിട്ടും കാര്യമായ വ്യാപനമുണ്ടായില്ല. രോഗം പടര്‍ത്താനുള്ള ശേഷി കുറവാണെന്നാണ് ഇതു കാണിക്കുന്നത്. ചൈനയില്‍ കോവിഡ് പടര്‍ന്നുപിടിച്ച സാഹചര്യം രാജ്യത്ത് വലിയ ഭീഷണിക്ക് ഇടനല്‍കുന്നില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി കോവിഡ് പിടിപെടുന്നത് ആരോഗ്യത്തിന് കടുത്തദോഷം ചെയ്യുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കോവിഡിന്റെ ഇപ്പോഴത്തെ ലക്ഷണങ്ങള്‍ ജലദോഷത്തിന്റേതാണ്. രോഗമുണ്ടാകുന്നത് രക്തക്കുഴലുകളിലായതിനാല്‍ മറ്റു പല അസുഖങ്ങള്‍ക്കും പിന്നീട് കാരണമാകും.കോവിഡ് രോഗബാധ പൂര്‍ണതോതില്‍ സമീപകാലത്തു മാറില്ലെന്നും ഇടയ്ക്കിടെ തരംഗമായി വന്നുപോകുമെന്നുമാണ് ഗവേഷണ ഫലങ്ങള്‍.

അറിയാം: പുതിയ വകഭേദത്തെ

ചൈനയിലുള്‍പ്പെടെ പടരുന്ന കോവിഡ് വൈറസിന്റെ പുതിയ ഒമിക്രോണ്‍ വകഭേദം ബി.എഫ്-7 മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം വ്യാപനശേഷിയുള്ളതാണെന്ന് റിപ്പോര്‍ട്ട്.ബി.എഫ്-7, ബി.എ. 5.2 എന്നീ വകഭേദങ്ങളാണ് ചൈനയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഡെല്‍റ്റാ വകഭേദമാണ് കൂടുതല്‍ അപകടകാരി എന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അതിനെ അപേക്ഷിച്ച് കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്ത പനി തുടങ്ങിയ രോഗലക്ഷണങ്ങളെല്ലാം ബി.എഫ്-7 വകഭേദത്തില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളുള്ളവരും പ്രായമേറിയവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബി.എഫ്-7 വകഭേദത്തിന് കൂടുതല്‍ വ്യാപനശേഷിയും കുറഞ്ഞ ഇന്‍കുബേഷന്‍ കാലയളവുമാണുള്ളത്. അതുകൊണ്ടുതന്നെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വളരെവേഗത്തില്‍ പടരാന്‍ പുതിയ വകഭേദത്തിനാകും. വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം ബാധിക്കുന്നത് പുതിയ വകഭേദത്തിന് ശേഷി കൂടുതലാണെന്നതിന്റെ തെളിവാണെന്ന് സെല്‍ ഹോസ്റ്റ് ആന്‍ഡ് മൈക്രോബ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബി.എഫ്-7 വകഭേദം അമേരിക്ക, യു.കെ, ബെല്‍ജിയം, ജര്‍മനി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കയില്‍ ഒക്‌ടോബറിലാണു ബി.എഫ്-7 വകഭേദം വ്യാപിച്ചു തുടങ്ങിയത്.

Share
അഭിപ്രായം എഴുതാം