ഓസീസ് രണ്ടാം ദിവസം ജയിച്ചു

ബ്രിസ്‌ബെന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ആറ് വിക്കറ്റ് ജയം.

സ്‌കോര്‍: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 152, രണ്ടാം ഇന്നിങ്‌സ് 99. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 218, രണ്ടാം ഇന്നിങ്‌സ് നാലിന് 35.

മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ മുന്‍തൂക്കം നേടി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരം രണ്ടാം ദിവസം അവസാനിക്കുന്നത്. 1931 ലെ വെസ്റ്റിന്‍ഡീസും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന മെല്‍ ബണ്‍ ടെസ്റ്റാണ് അവസാനത്തേത്. ഏഴ് ടെസ്റ്റുകളാണ് ഇതുവരെ കുറഞ്ഞ പന്തുകളില്‍ അവസാനിച്ചത്. ബ്രിസ്‌ബെന്‍ ടെസ്റ്റില്‍ ആകെ 866 പന്തുകളെറിഞ്ഞു. ഏഴില്‍ ഒരെണ്ണം മാത്രമാണു രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നടന്നത്. ഇന്ത്യയും അഹമ്മദാബാദും തമ്മില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടെസ്റ്റില്‍ ആകെ 842 പന്തുകളാണ് എറിഞ്ഞത്.

ബ്രിസ്‌ബെനില്‍ 25.5 പന്തിനിടെ ഒരു വിക്കറ്റെന്ന കണക്കിലായിരുന്നു വീഴ്ച. ഇം ണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന 1888 ലെ ലോഡ്‌സ് ടെസ്റ്റില്‍ 20.8 പന്തിനിടെ ഒരു വിക്കറ്റെന്നായിരുന്നു വീഴ്ച. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഒന്നാം ഇന്നിങ്‌സില്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വാറീനി (96 പന്തില്‍ ഒരു സിക്‌സറും എട്ട് ഫോറുമടക്കം 64), തെംബ ബാവുമ (70 പന്തില്‍ 38) എന്നിവര്‍ പൊരുതി. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും മൂന്ന് വിക്കറ്റ് വീതവും പാറ്റ് കുമ്മിന്‍സ്, സ്‌കോട്ട് ബോലാന്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റുമെടുത്തു.

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സില്‍ ട്രാവിസ് ഹെഡ് (96 പന്തില്‍ ഒരു സിക്‌സറും 13 ഫോറുമടക്കം 92) ടോപ് സ്‌കോററായി. സ്റ്റീവ് സ്മിത്ത് (36), അലക്‌സ് കാരി (22) എന്നിവര്‍ക്കു മാത്രമാണു ഹെഡിനെ കൂടാതെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നേരിടാന്‍ കഴിഞ്ഞത്. ഡേവിഡ് വാര്‍ണര്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ പുറത്തായി. കാഗിസോ റബാഡ നാല് വിക്കറ്റും മാര്‍കോ ജാന്‍സെന്‍ മൂന്ന് വിക്കറ്റും ആന്റിച് നോര്‍ടിയ രണ്ട് വിക്കറ്റും ലുങ്കി എന്‍ഗിഡി ഒരു വിക്കറ്റുമായി തിളങ്ങി. പാറ്റ് കുമ്മിന്‍സിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണു ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിയായത്. സ്റ്റാര്‍ക്കും സ്‌കോട്ട് ബോലാന്‍ഡും രണ്ട് വിക്കറ്റ് വീതവും നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റുമെടുത്തു. ഖായ സോന്‍ഡോ (36), തെംബ ബാവുമ(29), കേശവ് മഹാരാജ് (16) എന്നിവര്‍ മാത്രമാണു രണ്ടക്കം കടന്നത്. 34 റണ്ണിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഓസീസിന് നാല് വിക്കറ്റ് നഷ്ടമായി. റബാഡ നാല് ഓവറില്‍ 13 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്തു. ഹെഡാണ് മത്സരത്തിലെ താരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →