കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് അഡ്വ. സി.കെ.ശ്രീധരൻ ഏറ്റെടുത്ത സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി കൊല്ലപ്പെട്ട ശരത്ലാലിന്റെ അച്ഛൻ സത്യനാരായണൻ. ശ്രീധരൻ കൂടെ നിന്ന് ചതിക്കുകയായിരുന്നുവെന്നും അതിൽ അതിയായ വേദനയുണ്ടെന്നും സത്യനാരായണൻ പറഞ്ഞു.
കേസ് ഏറ്റെടുക്കാനെന്നും പറഞ്ഞ് കേസിന്റെ ഫയലുകളൊക്കെ ഒരുമാസത്തോളം വാങ്ങിവെച്ച് പഠിച്ചതാണ്. പിന്നീട് കേസിന് സ്കോപ്പില്ല എന്ന് പറഞ്ഞ് അവ മടക്കി നൽകുകയും ചെയ്തു. പിന്നീട് അഭിഭാഷകനായ ടി ആസിഫലിയെ ഫയലുകൾ ഏൽപ്പിച്ചു.ഞങ്ങളുടെ കൂടെ കൂടി, കുട്ടികളുടെ ചടങ്ങിലെല്ലാം പങ്കെടുത്ത്, ഞങ്ങളെ ആശ്വസിപ്പിച്ച് വ്യക്തി ഇപ്പോൾ കാണിക്കുന്നത് വലിയ ക്രൂരതയാണ്. സത്യനാരായണൻ പറഞ്ഞു.’അദ്ദേഹത്തിന് ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന് പോലും ഇപ്പോൾ സംശയമുണ്ട്. ഞങ്ങളുടെ ഭാഗത്ത് നിന്ന് കേസിന്റെ ഫയലുകളൊക്കെ പഠിച്ച് വിചാരണ തുടങ്ങാൻ സമയം പാർട്ടി മാറി പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കണമെങ്കിൽ എന്തൊരു മനുഷ്യനാണ് ഇയാൾ! കാശിന് വേണ്ടി എന്തും ചെയ്യുന്ന വക്കീലാണിത്. ‘ അദ്ദേഹം ആരോപിച്ചു.
അതേസമയം കേസ് സിബിഐയ്ക്ക് വിടാതിരിക്കാനുള്ള ശ്രമം സി.കെ ശ്രീധരന്റെ സഹായത്തോടെ സർക്കാർ നടത്തിയെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കേസ് സിബിഐയ്ക്ക് വിട്ടാൽ കേസിൽ കാലതാമസം വരുമെന്നും ക്രൈംബ്രാഞ്ചിന് വിടുന്നതാണ് നല്ലതെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ബോധ്യപ്പെടുത്താൻ ശ്രീധരൻ ശ്രമിച്ചു. ഇതിന് ശേഷമാണ് കുടുംബം കേസ് ആസിഫലിക്ക് കൊടുത്തത്. ആസിഫലിയാണ് കേസ് വാദിച്ച് സിബിഐയ്ക്ക് വിട്ടത്.
വക്കീലന്മാർക്ക് ഏത് കേസും വാദിക്കാം. അവരുടെ ജോലിയാണത്. എന്നാൽ കോൺഗ്രസിന് വേണ്ടി മത്സരിച്ചയാളാണ് അദ്ദേഹം. കൊല്ലപ്പെട്ട കുട്ടികൾക്ക് വേണ്ടി നിലകൊള്ളേണ്ടയാൾ ആ കൊലക്കേസ് ഏറ്റെടുത്തത് മനുഷ്യവർഗത്തിൽ പിറന്ന ആരും ചെയ്യാൻ പാടില്ലാത്തതാണ് എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
പെരിയ കല്യോട്ടെ യൂത്ത്കോൺഗ്രസ് പ്രവർത്തകർ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എം. നേതാക്കൾ ഉൾപ്പെടെയുള്ള പ്രതികൾക്കുവേണ്ടി ഇനി വാദിക്കുന്നത് അഡ്വ. സി.കെ.ശ്രീധരനാണ്. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ എറണാകുളം സി.ബി.ഐ. (രണ്ട്) കോടതിയിൽ അദ്ദേഹം ഹാജരായി. കെ.പി.സി.സി. മുൻ വൈസ് പ്രസിഡന്റായ സി.കെ.ശ്രീധരൻ അടുത്തിടെയാണ് സി.പി.എമ്മിൽ ചേർന്നത്. അതിനു ശേഷം ഇദ്ദേഹം ഏറ്റെടുക്കുന്ന ആദ്യ രാഷ്ട്രീയ കൊലപാതക കേസ് കൂടിയാണിത്.

