കൊച്ചി: പാറശാല ഷാരോണിനെ വിഷം കൊടുത്ത് കൊന്ന കേസില്‍ തമിഴ്‌നാട് പോലീസ് അന്വേഷണം നടത്തില്ല.കേരളത്തില്‍ തന്നെ വിചാരണ നടത്തുന്നതില്‍ തമിഴ്‌നാടിന് എതിര്‍പ്പുമില്ല. കേസന്വേഷണം കേരളത്തില്‍ പരാതിയില്ലാത്തവണ്ണം നടക്കുന്നുണ്ടെന്നാണ് തമിഴ്‌നാട് പോലീസിന്റെ വിലയിരുത്തല്‍. ഷാരോണിന്റെ കാമുകിയും പ്രതിയുമായ ഗ്രീഷ്മ ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കു മാറ്റണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നു കന്യാകുമാരി ജില്ലാ പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.സംഭവത്തിനു കാരണമായ ഗൂഢാലോചനയും പാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കിയതുമെല്ലാം തമിഴ്‌നാട്ടിലുള്ള ഗ്രീഷ്മയുടെ വീട്ടിലും മറ്റിടങ്ങളില്‍ വച്ചുമാണ്. അതിനാല്‍, കേസ് തമിഴ്‌നാട് പോലീസാണ് അന്വേഷിക്കേണ്ടതെന്ന അഭിപ്രായം കേരള പോലീസിനുണ്ടായിരുന്നു.
എന്നാല്‍, ഷാരോണ്‍ മരിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായതിനാല്‍, കേരള പോലീസിന് അന്വേഷിക്കാമെന്നു നിയമോപദേശം ലഭിച്ചിരുന്നു.കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. അതിനുശേഷം കുറ്റപത്രം സമര്‍പ്പിക്കും. കേസെടുത്തു 90 ദിവസം പൂര്‍ത്തിയാകും മുമ്പു കുറ്റപത്രം സമര്‍പ്പിക്കാനാണു ശ്രമിക്കുന്നത്. കുറ്റപത്രം പുറത്തുവന്നശേഷം ഗ്രീഷ്മ വിചാരണ തമിഴ്‌നാട്ടില്‍ നടത്തണമെന്നാവശ്യപ്പെട്ടു ഹര്‍ജി നല്‍കാന്‍ സാധ്യതയുണ്ടെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍. കേരളത്തില്‍ കേസിനു മാധ്യമശ്രദ്ധ കൂടുതലുള്ളതിനാല്‍, വിചാരണയെ സ്വാധീനിക്കുമെന്ന വാദമാകും ഗ്രീഷ്മ ഉയര്‍ത്തുക. എന്നാല്‍, കോടതി മാറ്റത്തെ മേല്‍കോടതികള്‍ പ്രോത്സാഹിപ്പിക്കാത്തതിനാല്‍, കേരളത്തില്‍ തന്നെ വിചാരണ നടക്കാനാണ് സാധ്യതയെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

