തളിപ്പറമ്പില്‍ 80 ലക്ഷം രൂപയുടെ നഷ്ടം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം. 80 ലക്ഷം രൂപയുടെ നഷ്ടം. മെയിന്‍ റോഡിലെ അക്ബര്‍ ട്രേഡേഴ്‌സ് എന്ന അനാദി മൊത്തവ്യാപാര കേന്ദ്രത്തിനാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രി 11.45ന് അടച്ചിട്ട കടയുടെ ഷട്ടറിന് പുറത്തേക്ക് പുക വമിച്ചതോടെയാണ് നാട്ടുകാര്‍ പോലീസിലും അഗ്‌നിശമന കേന്ദ്രത്തിലും വിവരമറിയിച്ചത്. തീപിടിച്ച അക്ബര്‍ ട്രേഡ്‌ഴ്‌സിന്റെ അടുത്ത മുറിയില്‍ ഉമ്മര്‍കുട്ടി ഫയര്‍വര്‍ക്‌സിന്റെ വില്‍പ്പനശാലയും ഗോഡൗണുമായിരുന്നു.

ഇവിടെ ക്രിസ്മസ്-ന്യൂഇയര്‍-ഫുട്‌ബോള്‍ ലോകകപ്പ് ആഘോഷങ്ങള്‍ക്കായി വലിയതോതില്‍ പടക്കങ്ങള്‍ സംഭരിച്ചിരുന്നു. തീ പടര്‍ന്നതോടെ പടക്കക്കടയുടെ പൂട്ട് തകര്‍ത്ത് സ്‌റ്റോക്ക് ചെയ്ത സാധനങ്ങളെല്ലാം സുരക്ഷിതമായി മാറ്റിയതുകാരണം നഗരം വലിയ തീപിടിത്തത്തില്‍ നിന്നു രക്ഷപ്പെട്ടു. തളിപ്പറമ്പിനു പുറമെ കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് റീജിയണല്‍ ഫയര്‍ ഓഫീസര്‍ പി.രഞ്ജിത്തിന്റെ നേതൃത്വത്തിലെത്തിയാണ് തീയണച്ചത്. പുലര്‍ച്ചെ നാലരയോടെയാണ് തീ കെടുത്താനായത്. സന്ദര്‍ഭോചിതമായി നാട്ടുകാരും വ്യാപാരികളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതുകൊണ്ട് മാത്രമാണ് തളിപ്പറമ്പ് പട്ടണം വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പുഷ്പഗിരിയിലെ അഷറഫ്-ഷാഫി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് അക്ബര്‍ ട്രേഡേഴ്‌സ്.

അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പൂര്‍ണമായും കത്തി തീരാതെ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് 15/12/2022 രാവിലെ ഒന്‍പതരയോടെ വീണ്ടും അഗ്‌നിശമനസേന ഇവിടെ എത്തി വെള്ളം ചീറ്റിയിരുന്നു.കത്തിയമര്‍ന്ന കടയുടെ മുകള്‍ഭാഗത്തെ ഗോഡൗണും പൂര്‍ണമായി നശിച്ചു. തൊട്ടടുത്ത മുറിയിലെ ഗോഡൗണില്‍ നിന്നും സാധനങ്ങല്‍ മാറ്റിയതിനാല്‍ നഷ്ടം കുറക്കാനായി. പയ്യന്നൂരില്‍ നിന്ന് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.സജീവന്‍, തളിപ്പറമ്പില്‍ നിന്ന് അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അഗ്‌നിശമനസേന എത്തിയത്. ഇവരോടൊപ്പം നാട്ടുകാരും സജീവമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്‌കൊണ്ടുമാത്രമാണ് വലിയ ദുരന്തം ഒഴിവായത്.

Share
അഭിപ്രായം എഴുതാം