കൊച്ചി: മുല്ലപ്പെരിയാറിലെ വിവാദ മരം മുറിയുമായി ബന്ധപ്പെട്ടു തമിഴ്‌നാട്, കേരള ചീഫ് സെക്രട്ടറിമാര്‍ ചെെന്നെയില്‍ ചര്‍ച്ച നടത്തി. മരംമുറിയ്ക്കാന്‍ കേരളം തടസം നില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സുപ്രീം കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. മരംമുറിക്കു കേരളം തടസം നില്‍ക്കരുതെന്ന് വിദഗ്ധ സമിതി നിര്‍ദേശവുമുണ്ട്.
ഈ സാഹചര്യത്തില്‍ ജനവികാരം മാനിച്ചു തീരുമാനമെടുക്കാന്‍ കേരളം സാവകാശം തേടി. മുല്ലപ്പെരിയാര്‍ മരംമുറി സങ്കീര്‍ണമായ വിഷയമാണെന്നും അതിനാല്‍, സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ചീഫ് സെക്രട്ടറി തമിഴ്‌നാടിനെ അറിയിച്ചു.മരംമുറിക്കു അനുമതി നല്‍കിയതു വിവാദമായതോടെ, കഴിഞ്ഞ വര്‍ഷം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ ഏകപക്ഷീയമായ തീരുമാനമെടുത്തെന്ന പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
2021 ഓഗസ്റ്റ് 17 നു കേരളത്തിന്റെയും തമിഴ്‌നാടിന്റെയും 25 ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായും രേഖകളിലുണ്ട്. ബേബി ഡാമിലെ 15 മരങ്ങള്‍ മുറിക്കുന്നതു പരിഗണനയിലാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറിലേക്കുള്ള റോഡിന് അനുമതി നല്‍കുന്നതും പരിഗണനയിലെന്നു ചര്‍ച്ചയില്‍ കേരളം അറിയിച്ചിരുന്നു.അതിനിടെ, മരംമുറിക്കേസ് െവെകാതെ കോടതിയില്‍ ഉന്നയിക്കാനാണു തമിഴ്‌നാട് നീക്കം. കനത്ത മഴയെത്തുടര്‍ന്നു മുല്ലപ്പെടിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ ബലക്ഷയം ഉയര്‍ത്തി സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യതയേറെയാണ്. ബലക്ഷയം കേരളം ഉന്നയിക്കുമ്പോള്‍ മേബിഡാം ഉള്‍പ്പെടെ ബലപ്പെടുത്താന്‍ കേരളം തടസം നില്‍ക്കുന്നുവെന്ന മറുവാദമാകും തമിഴ്‌നാട് ഉയര്‍ത്തുക. ഇതും കൂടി കണക്കിലെടുത്താണു വിദഗ്ധസമിതിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിതല ചര്‍ച്ച നടന്നത്.