തൊടുപുഴ: വീണ് പരുക്കേറ്റ് ചികിത്സയിലിരുന്നു മരിച്ച യുവാവിനെ സഹോദരന്‍ മരക്കമ്പിന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഏഴല്ലൂര്‍ ഈസ്റ്റ് കലൂര്‍ മലേക്കാവ് തഴുവംചിറയില്‍ ജയേഷ് തങ്കപ്പനാണ് (42) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ സുമേഷ് തങ്കപ്പനെ (27) പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അച്ഛനെ ജയേഷ് അക്രമിക്കുന്നത് തടയുന്നതിനിടെ സുമേഷ് മരക്കൊമ്പിന് അടിക്കുകയായിരുന്നു. വീണ് പരുക്കേറ്റതാണെന്നാണ് ആശുപത്രിയിലും പോലീസിലും സഹോദരന്‍ പറഞ്ഞത്.
സംശയത്തെ തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് മനസിലായത്. 2022 നവംബര്‍ 12ന് രാത്രി ഒമ്പതോടെയാണ് സംഭവം. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് സഹോദരങ്ങള്‍ താമസിക്കുന്നത്. ജയേഷ് പലപ്പോഴും വഴക്കിടുമായിരുന്നു. സംഭവ ദിവസം അച്ഛനുമായി വഴക്കായി. പലവട്ടം പറഞ്ഞുവിട്ടെങ്കിലും വീണ്ടുമെത്തി അക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ സുമേഷ് തേക്കിന്റെ കമ്പു കൊണ്ട് ജയേഷിനെ അടിക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് ബോധം കെട്ട് വീണ ജയേഷിനെ ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ഏഴാം ദിവസം ജയേഷ് മരിച്ചു. ഇന്‍ക്വസ്റ്റ് നടത്തിയ എസ്.ഐ സലീമിനുണ്ടായ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ആദ്യത്തെ ആശുപത്രിയില്‍ വാഹനാപകടമാണെന്നും മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ വീണ് പരുക്കേറ്റെന്നുമാണ് സഹോദരന്‍ പറഞ്ഞത്. പൊലീസിന് നല്‍കിയ മൊഴിയും അങ്ങനെയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ മരണകാരണം തലയ്‌ക്കേറ്റ അടിയാണെന്ന് വ്യക്തമായി. സംഭവദിവസം വീട്ടില്‍ വഴക്കുണ്ടായതായി ജയേഷുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യ മൊഴി നല്‍കിയതും സംശയത്തിനിടയാക്കി. തുടര്‍ന്ന് സുമേഷിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തു വന്നത്. മരിച്ച ജയേഷ് കഞ്ചാവ്, പോക്‌സോ കേസുകളില്‍ പ്രതിയാണ്.

