താമരശ്ശേരി (കോഴിക്കോട്): കെ.എസ്.ആര്‍.ടി.സി. ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായിട്ടും 48 യാത്രക്കാരുടെ ജീവനുകള്‍ രക്ഷിച്ച താമരശേരി ചുണ്ടംക്കുന്നുമ്മല്‍ സിജീഷ് കുമാര്‍ (48) മരണത്തിനു കീഴടങ്ങി. യാത്രക്കാരുമായി പോവുകയായിരുന്ന സിജീഷിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
മനോധൈര്യം കൈവിടാതെ ബസ് റോഡരികിലേക്ക് സുരക്ഷിതമായി നിര്‍ത്തിയതിനു പിന്നാലെ സിജീഷ് കുഴഞ്ഞുവീണു. വീണതിനു ശേഷമാണ് കണ്ടക്ടറും യാത്രക്കാരും സംഭവം അറിയുന്നത്. കുന്ദംകുളത്ത് വച്ചായിരുന്നു സംഭവം. ബസില്‍ കുഴഞ്ഞുവീണ സജീഷിനെ ഉടന്‍ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നിട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അണുബാധയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തിലെ ചികിത്സയിലിരിക്കെയാണു മരണം.
പിതാവ്: പരേതനായ ശ്രീധരന്‍. മാതാവ്: മാളു. ഭാര്യ: സ്മിത. മകള്‍: സാനിയ സിജീഷ്. സഹോദരി: പ്രിജി. മൃതദേഹം പുതുപ്പാടി പൊതുശ്മാശനത്തില്‍ സംസ്‌കരിച്ചു.
ഇക്കഴിഞ്ഞ നവംബര്‍ 20നു പുലര്‍ച്ചെ നാലു മണിയോടെ സിജീഷ് ഓടിച്ച ബസ് കുന്ദംകുളത്ത് എത്തിയപ്പോഴാണ് സംഭവം. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി മലക്കപ്പാറ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് യാത്ര പോയതായിരുന്നു ബസ്.