ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ (83) കുടുക്കിയതാണെന്ന വാദവുമായി അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനം. ബോസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ആഴ്‌സണല്‍ കണ്‍സല്‍ട്ടിങ്’ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേസില്‍ കുടുക്കാനായി ഫാ. സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍ ഹാക്കിങിലൂടെ രേഖകള്‍ സ്ഥാപിച്ചുവെന്നാണ് ആരോപണം. ഈ രേഖകള്‍ എന്‍.ഐ.എ. കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്തുവെന്നും ആഴ്‌സണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
”മാവോയിസ്റ്റുകളുടെ കത്തുകള്‍ എന്ന നിലയില്‍ പ്രചരിപ്പിച്ചവയടക്കം 44 രേഖകളാണ് ലാപ്‌ടോപ്പില്‍ സ്ഥാപിച്ചത്. 2014 മുതല്‍ 2019 ജൂണ്‍ 11 വരെ ഹാക്കിങ് നടന്നു” – അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനം ആരോപിക്കുന്നു.
ആരാണ് ഹാക്ക് ചെയ്തത് എന്ന് കണ്ടെത്താതിരിക്കാനും ഹാക്കര്‍മാര്‍ ശ്രമിച്ചിട്ടുണ്ട്. ജൂണ്‍ 12 നാണ് പുനെ പോലീസ് സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പ് കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിങ് എന്നിവരുടെ ലാപ്‌ടോപ്പുകളിലും ഹാക്കിങ് നടന്നതായി കണ്ടെത്തിയിരുന്നു. മൂന്നു പേരുടേയും ലാപ്‌ടോപ്പ് ഹാക്ക് ചെയ്തത് ഒരാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീമ കൊറേഗാവ് കേസില്‍ വിചാരണ കാത്തുകഴിയുന്നതിനിടെ 2021 ജൂെലെ അഞ്ചിന് ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു. ജയിലില്‍ കഴിയവേ ആരോഗ്യനില മോശമായ അദ്ദേഹത്തെ മുംെബെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഹൃദയസ്തംഭനംമൂലം മരിക്കുകയുമായിരുന്നു.
ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായിനടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോയിസ്റ്റ് സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് ഝാര്‍ഖണ്ഡിലെ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ. അറസ്റ്റു ചെയ്തത്. 2020 ഒകേ്ടാബറില്‍ ആയിരുന്നു അറസ്റ്റ്.
അതിനിടെ, സ്റ്റാന്‍ സ്വാമി ഉത്കൃഷ്ടനായ വ്യക്തിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മരണശേഷം ബോംബെ ഹൈക്കോടതി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് ബഹുമാനമുണ്ടായിരുന്നെന്നും കോടതി പറഞ്ഞു. സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജികളില്‍ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം വാദം കേള്‍ക്കവെ ആയിരുന്നു കോടതിയുടെ പരാമര്‍ശം.