കാണാതായ മലേഷ്യന്‍ വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്ന നിഗമനം

ക്വാലാലംപുര്‍: എട്ടുവര്‍ഷം മുന്‍പ് കാണാതായ മലേഷ്യന്‍ എയർലൈന്‍സിന്റെ എം.എച്ച് 370 വിമാനം സമുദ്രത്തില്‍ ഇടിച്ചിറക്കുകയായിരുന്നുവെന്ന നിഗമനവുമായി വിദഗ്ധര്‍. ഒരു മാസം മുമ്പ് മഡഗാസ്‌കറിലെ മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വിമാനാവശിഷ്ടത്തിന്റെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷമാണ് ഇത്തരമൊരു അഭിപ്രായം വിദഗ്ധരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിന്റെ വാതിലാണ് മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. 2017 ല്‍ ഫെര്‍ണാണ്ടോ കൊടുങ്കാറ്റിനെത്തുടര്‍ന്ന് തീരത്തടിഞ്ഞ അവശിഷ്ടങ്ങളില്‍നിന്നാണ് ടറ്റാലിയെന്ന മത്സ്യത്തൊഴിലാളിക്ക് ഇതു ലഭിക്കുന്നത്.

ഇതിന്റെ പ്രാധാന്യം അറിയാതെ റ്റാറ്റാലിയുടെ ഭാര്യ വസ്ത്രമലക്കുന്നതിനുള്ള വാഷിങ് ബോര്‍ഡായാണ് ഇതു ഉപയോഗിച്ചിരുന്നത്. വിമാനം മനപ്പൂര്‍വം നശിപ്പിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന ആദ്യ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.വിമാനം മനപ്പൂര്‍വം ഇടിച്ചിറക്കുകയായിരുന്നുവെന്ന് ബ്രിട്ടീഷ് എന്‍ജിനീയര്‍ റിച്ചാര്‍ഡ് ഗോഡ്‌ഫ്രെയും എം.എച്ച് 370 തിരച്ചില്‍ സംഘത്തെ നയിച്ച ബ്ലെയ്ന്‍ ഗിബ്‌സണും പറയുന്നു. വാതിലിലെ പൊട്ടലും പോറലും മറ്റും സൂചിപ്പിക്കുന്നത് ഈ നിഗമനമാണെന്ന് ഇരുവരും പറയുന്നു. മലേഷ്യയിലെ ക്വലാലംപുരില്‍ നിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെ 2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി വിമാനം അപ്രത്യക്ഷമായത്. വിമാനത്തെക്കുറിച്ചോ വിമാനത്തില്‍ യാത്ര ചെയ്തിരുന്നവരെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അപ്രത്യക്ഷമാകലിനെക്കുറിച്ച് വിവിധ സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തിരുന്നു.

കടലില്‍ ഇടിച്ചിറങ്ങുന്നതോടെ പൂര്‍ണമായും ചിന്നഭിന്നമാകുമെന്ന് ഉറപ്പാക്കുന്നതിനായി പൈലറ്റിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായെന്നാണ് വിദഗ്ധരുടെ അനുമാനം. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍, ഡോറിന്റെ ഭാഗങ്ങള്‍ എന്നിവയില്‍ ഉണ്ടായിരിക്കുന്ന പൊട്ടലുകളും പോറലുകളും ഉള്‍പ്പെടെയുള്ളവയില്‍ നിന്നാണ് ഇതുസംബന്ധിച്ച സൂചന ലഭിക്കുന്നത് എന്ന് ബ്രിട്ടീഷ് എന്‍ജിനീയര്‍ റിച്ചാര്‍ഡ് ഗോഡ്‌ഫ്രേ പറഞ്ഞതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.

മലേഷ്യന്‍ പൈലറ്റായ സഹരി ഷാ ആയിരുന്നു അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത്. ഷാ മനഃപൂര്‍വം വിമാനം അപകടത്തില്‍പ്പെടുത്തുകയായിരുന്നു എന്ന ആരോപണം ആദ്യം തന്നെ ഉയര്‍ന്നെങ്കിലും ഷായുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിഷേധിച്ചിരുന്നു. പറന്നുയര്‍ന്ന് 38-മത്തെ മിനിറ്റിലാണ് വിമാനവുമായി ഉണ്ടായ അവസാനത്തെ ആശയവിനിമയം. ആ സമയത്ത് ദക്ഷിണ ചൈനാക്കടലിന്റെ ഭാഗത്തായിരുന്നു വിമാനം. പിന്നീട് വിമാനവുമായുള്ള സമ്പര്‍ക്കം നഷ്ടമായി.

Share
അഭിപ്രായം എഴുതാം