ഭരണകക്ഷി നേതാക്കളുടെ പിന്തുണയോടെയാണ് ലഹരിമാഫിയ അഴിഞ്ഞാടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: ഭരണകക്ഷി നേതാക്കളുടെ പിന്തുണയോടെയാണ് ലഹരിമാഫിയ അഴിഞ്ഞാടുന്നതെന്ന് വി.ഡി.സതീശൻ ആരോപിച്ചു. മലയിൻകീഴിൽ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിനെയാണ് അറസ്റ്റ് ചെയ്തത്. വടകര അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ ലഹരി മാഫിയ കടത്തുകാരിയാക്കി. ലഹരി ക്യാംപെയ്നിന്റെ രക്തസാക്ഷികളായി തലശ്ശേരിയിൽ 2 സിപിഎമ്മുകാർ കൊല്ലപ്പെട്ടു – സതീശൻ പറഞ്ഞു.

നാട്ടിലെ എസ്എഫ്ഐ പ്രവർത്തകരാണ് കോളജിൽ വന്ന് ആക്രമണം അഴിച്ചുവിട്ടതെന്ന് ജില്ലാ നേതാവ് അപർണ ‘മനോരമ ന്യൂസി’ന്റെ അഭിമുഖത്തിൽ പറഞ്ഞത് സതീശൻ സഭയിൽ വായിച്ചു. ഇതോടെ ഭരണപക്ഷത്തെ സച്ചിൻ ദേവ്, ലിന്റോ ജോസഫ്, കെ.യു.ജനീഷ് കുമാർ തുടങ്ങിയവർ പ്രതിഷേധവുമായി നടുത്തളത്തിലേക്കു നീങ്ങി. മന്ത്രി എം.ബി.രാജേഷ് മറുപടി നൽകാൻ എഴുന്നേറ്റതോടെ പ്രതിപക്ഷ നേതാവ് വഴങ്ങി. എന്നാൽ, അപർണയുടെ ഫെയ്സ്ബുക് പോസ്റ്റ് രാജേഷ് വായിച്ചു തുടങ്ങിയതോടെ സതീശൻ എഴുന്നേറ്റ് മൈക്ക് തിരികെ വാങ്ങി. മന്ത്രിയുടെ മൈക്ക് ഓഫ് ചെയ്തപ്പോൾ ഭരണപക്ഷം ബഹളം വച്ചെങ്കിലും സ്പീക്കർ വഴങ്ങിയില്ല. പ്രതിപക്ഷ നേതാവ് സമ്മതിച്ചാലേ മന്ത്രിക്ക് മൈക്ക് നൽകൂ എന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു.

ഇതിനിടെ മന്ത്രി പി.രാജീവും പ്രതിഷേധവുമായി എഴുന്നേറ്റു. സതീശൻ വഴങ്ങാത്തതിനാൽ രാജീവിനും മൈക്ക് നൽകാൻ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. പിന്നാലെ, മന്ത്രിമാരായ കെ.എൻ.ബാലഗോപാലും വി.ശിവൻകുട്ടിയും കൂടി പ്രതിഷേധവുമായി എഴുന്നേറ്റു. സ്പീക്കർ പലവട്ടം പേരെടുത്ത് വിളിച്ച് ഭരണപക്ഷത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിലിറങ്ങുകയും പിൻവാങ്ങുകയും ചെയ്തെങ്കിലും ഭരണപക്ഷം പ്രതിഷേധത്തിൽ ഉറച്ചുനിന്നതോടെ സ്പീക്കർ സഭ പിരിച്ചുവിട്ടു.

രാഷ്ട്രീയഭേദമെന്യേ കേരളം ഒറ്റക്കെട്ടായി ലഹരിമരുന്നിനെതിരായ പോരാട്ടത്തിൽ പുലർത്തുന്ന യോജിപ്പിനെ കലക്കാനുള്ള നിർഭാഗ്യകരമായ ശ്രമമാണ് മാത്യു കുഴൽനാടനിൽ നിന്നുണ്ടായതെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →