ഭരണപക്ഷ പ്രതിഷേധത്തിൽ നിയമസഭ നിർത്തിവയ്ക്കുന്ന അപൂർവ സന്ദർഭത്തിന് വേദിയായി നിയമസഭ

തിരുവനന്തപുരം: എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്ക് ലഹരി മാഫിയാ ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപത്തിനെതിരെ. മന്ത്രിമാരടക്കം രംഗത്തുവന്നതോടെ ഭരണപക്ഷ പ്രതിഷേധത്തിൽ നടപടി നിർത്തിവയ്ക്കുന്ന അപൂർവ സന്ദർഭത്തിന് നിയമസഭ വേദിയായി.

കോൺഗ്രസിലെ മാത്യു കുഴൽനാടന്റെ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ എ.എൻ.ഷംസീർ തള്ളിയിരുന്നു. പിന്നാലെ, മേപ്പാടി പോളിടെക്നിക്കിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ചത് എസ്എഫ്ഐ നേതാക്കളാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരാമർശിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. നാട്ടിലെ എസ്എഫ്ഐ പ്രവർത്തകരാണ് കോളജിൽ വന്ന് ആക്രമണം അഴിച്ചുവിട്ടതെന്ന് ജില്ലാ നേതാവ് അപർണ ‘മനോരമ ന്യൂസി’ന്റെ അഭിമുഖത്തിൽ പറഞ്ഞത് സതീശൻ സഭയിൽ വായിച്ചു.

ഇതോടെ ഭരണപക്ഷത്തെ സച്ചിൻ ദേവ്, ലിന്റോ ജോസഫ്, കെ.യു.ജനീഷ് കുമാർ തുടങ്ങിയവർ പ്രതിഷേധവുമായി നടുത്തളത്തിലേക്കു നീങ്ങി. മന്ത്രി എം.ബി.രാജേഷ് മറുപടി നൽകാൻ എഴുന്നേറ്റതോടെ പ്രതിപക്ഷ നേതാവ് വഴങ്ങി. എന്നാൽ, അപർണയുടെ ഫെയ്സ്ബുക് പോസ്റ്റ് രാജേഷ് വായിച്ചു തുടങ്ങിയതോടെ സതീശൻ എഴുന്നേറ്റ് മൈക്ക് തിരികെ വാങ്ങി.മന്ത്രിയുടെ മൈക്ക് ഓഫ് ചെയ്തപ്പോൾ ഭരണപക്ഷം ബഹളം വച്ചെങ്കിലും സ്പീക്കർ വഴങ്ങിയില്ല. പ്രതിപക്ഷ നേതാവ് സമ്മതിച്ചാലേ മന്ത്രിക്ക് മൈക്ക് നൽകൂ എന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു.

ഇതിനിടെ മന്ത്രി പി.രാജീവും പ്രതിഷേധവുമായി എഴുന്നേറ്റു. സതീശൻ വഴങ്ങാത്തതിനാൽ രാജീവിനും മൈക്ക് നൽകാൻ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. പിന്നാലെ, മന്ത്രിമാരായ കെ.എൻ.ബാലഗോപാലും വി.ശിവൻകുട്ടിയും കൂടി പ്രതിഷേധവുമായി എഴുന്നേറ്റു. സ്പീക്കർ പലവട്ടം പേരെടുത്ത് വിളിച്ച് ഭരണപക്ഷത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിലിറങ്ങുകയും പിൻവാങ്ങുകയും ചെയ്തെങ്കിലും ഭരണപക്ഷം പ്രതിഷേധത്തിൽ ഉറച്ചുനിന്നതോടെ സ്പീക്കർ സഭ പിരിച്ചുവിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →