തിരുവനന്തപുരം: മദ്യ നികുതി വർദ്ധനവിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. മദ്യ നികുതി വർദ്ധിപ്പിക്കുന്നതിന്റെ ഫലമായുള്ള പുതിയ വിലനിലവാരത്തെക്കുറിച്ച് നിയമസഭയിൽ നടന്ന ചർച്ചയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ സംസാരിച്ചു. നികുതി വർദ്ധനവ് വഴി ഒൻപത് ബ്രാൻഡ് മദ്യത്തിനാണ് വിലവ്യത്യാസമുണ്ടാകുന്നതെന്നും അത്ര വലിയ വർദ്ധനവ് പ്രകടമാകില്ല എന്നും അദ്ദേഹം പൊതുവിൽപന നികുതി ഭേദഗതി ബില്ലിന്റെ ചർച്ചയിൽ മറുപടി നൽകി..
വില്പന നികുതിയിൽ നാല് ശതമാനവും വെയർഹൗസ് മാർജിനിൽ ഒരു ശതമാനവും വർദ്ധന വരുത്തുന്നതോടെയാണ് വില കൂടുന്നത്. ഇത് വഴി എട്ട് മദ്യ ബ്രാൻഡുകൾക്ക് 10 രൂപയും ഒരെണ്ണത്തിന് 20 രൂപയുമാണ് വർദ്ധിക്കുന്നത്. മദ്യ കമ്പനികളുടെ ടേൺ ഓവർ ടാക്സിൽ കുറവ് വരുത്തിയതിന്റെ നഷ്ടം പരിഹരിക്കാനായാണ് സർക്കാർ മദ്യത്തിന്റെ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ഡിസ്റ്റിലറികളിൽ നിന്ന് ഈടാക്കിയിരുന്ന 5 ശതമാനം ടേൺ ഓവർ ടാക്സ് ഒഴിവാക്കിയ വകയിലെ നഷ്ടം നികത്താനായി 247 ശതമാനമായിരുന്ന മദ്യ നികുതി 251 ശതമാനമാക്കി കൂട്ടുകയായിരുന്നു.
സംസ്ഥാനത്തെ മദ്യ നിർമാതാക്കളുടെ നിരവധിക്കാലമായുള്ള ആവശ്യമായിരുന്നു മദ്യത്തിന്റെ ടേൺ ഓവർ ടാക്സ് ഒഴിവാക്കുക എന്നത്. സ്പിരിന്റെ വില വർദ്ധനവും സർക്കാരിനെ മദ്യ വിലവർദ്ധനവിന് നിർബന്ധിതരാക്കി. മദ്യ വിലവർദ്ധനവിൽപ്രതിപക്ഷം ശക്തമായ എതിർപ്പ് അറിയിച്ചു. മദ്യക്കമ്പനികൾക്കായാണ് വിലവർദ്ധനവ് നടപ്പിലാക്കിയത് എന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ പുതിയ നികുതി പ്രകാരം പരമാവധി 20 രൂപ മാത്രമാണ് വർദ്ധിക്കുന്നതെന്നും സ്പിരിറ്റിന്റെ വിലവർദ്ധന ചെറുകിട മദ്യ ഉത്പാദകരെ പ്രതികൂലമായി ബാധിച്ചതായും ധനമന്ത്രി പറഞ്ഞു.
സ്പിരിറ്റ് വില വർദ്ധന മൂലം വിൽപ്പന കുറഞ്ഞ വകയിൽ സംസ്ഥാന ഗജനാവിന് 15 ദിവസം കൊണ്ട് 80 കോടി രൂപയുടെ നികുതി നഷ്ടമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി . സർക്കാർ തീരുമാനിച്ച നികുതി വർദ്ധനവ് നടപ്പിലാക്കുന്നത് വഴി 2022 ജനുവരി ഒന്ന് മുതലാണ് മദ്യ ബ്രാൻഡുകൾക്ക് വില വർദ്ധനവ് ഉണ്ടാകുന്നത്