ആരോഗ്യവകുപ്പിലെ ഫീൽഡ് വർക്കർ തസ്‌തികയിലെ യോഗ്യതയിൽ മാറ്റം വരുത്തി പി.എസ്.സി.

തിരുവനന്തപുരം: അഞ്ചു ലക്ഷത്തോളം പേർ അപേക്ഷിക്കുകയും, 2 ഘട്ട പരീക്ഷ നടത്തുകയും ചെയ്ത ശേഷം ആരോഗ്യവകുപ്പിലെ ഫീൽഡ് വർക്കർ തസ്‌തികയിലെ യോഗ്യതയിൽ മാറ്റം വരുത്തി പി.എസ്.സി. അതും, വിജ്ഞാപനം വന്ന് മൂന്ന് വർഷത്തിന് ശേഷം.ബിരുദധാരികൾക്ക് അപേക്ഷിക്കാനാകില്ലെന്നാണ് യോഗ്യതയിൽ വരുത്തിയ മാറ്റം. അന്തിമ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ്, ഉദ്യോഗാർത്ഥികളെ ഇക്കാര്യം പി.എസ്.സി അറിയിച്ചത്. ഇതോടെ, ഉദ്യോഗാർത്ഥികളിൽ വലിയൊരു വിഭാഗം റാങ്ക് ലിസ്റ്റിൽ നിന്ന് പുറത്താകുന്ന സ്ഥിതിയായി

.2019 ഡിസംബർ 31നാണ് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. എട്ടാം ക്ലാസ് , അല്ലെങ്കിൽ തത്തുല്യയോഗ്യതയാണ് പറഞ്ഞിരുന്നത്. 14 ജില്ലകളിലായി അഞ്ചു ലക്ഷത്തോളം പേർ അപേക്ഷിച്ചു. പ്രാഥമിക പരീക്ഷ നടത്തി ഓരോ ജില്ലയ്ക്കും പ്രത്യേകം അർഹതാ പട്ടിക പ്രസിദ്ധീകരിച്ചു. 2021 ഡിസംബർ 23ന് മുഖ്യ പരീക്ഷയും നടത്തി. 40,000 ത്തോളം ഉദ്യോഗാർത്ഥികളാണ് മുഖ്യ പരീക്ഷയെഴുതിയത്. മൂല്യനിർണയം പൂർത്തിയാക്കി സാദ്ധ്യതാപട്ടിക തയ്യാറാക്കിയപ്പോഴാണ്, യോഗ്യതയിൽ ആരോഗ്യവകുപ്പ് മാറ്റം വരുത്തിയ കാര്യം പി.എസ്.സി ശ്രദ്ധിച്ചത്.

ഇതോടെ, ഏഴാം ക്ലാസ് പാസായിരിക്കണമെന്നും, ബിരുദം പാടില്ലെന്നും 2022 ഒക്ടോബർ 12 ന് തിരുത്തൽ വിജ്ഞാപനമിറക്കി. ഇതോടെ,ബിരുദധാരികൾ അയോഗ്യരായി.അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതിയായ 2020 ഫെബ്രുവരി അഞ്ചിനോ, അതിനു മുൻപോ ബിരുദം നേടിയിട്ടില്ലെന്ന സത്യവാങ്മൂലം മുഖ്യ പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളിൽ നിന്ന് പി.എസ്.സി വാങ്ങുന്നു. 2020 ഫെബ്രുവരി 6 നു ശേഷം ബിരുദം നേടിയവർ അപേക്ഷിച്ചതിൽ ന്യൂനതയില്ല. ഫെബ്രുവരി 5 ന് മുൻപ് ബിരുദം നേടിയവർ അക്കാര്യം മറച്ചു വച്ച് സത്യവാങ്മൂലം നൽകിയാൽ ശിക്ഷാ നടപടിക്ക് വിധേയരാകുമെന്നും പി.എസ്.സി പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →