കേരള സർവകലാശാലയിലെ പരീക്ഷാനടത്തിപ്പിൽ സർവത്ര വീഴ്ചകൾ

തിരുവനന്തപുരം: കേരള സർവകലാശാല രണ്ടാം സെമസ്റ്റർ എം.ബി.എ കോഴ്സിൽ 2022 ജനുവരിയിൽ നടത്തിയ പരീക്ഷയിലെ പകുതി ചോദ്യങ്ങൾ നവംബറിലെ പരീക്ഷയിൽ അതേ പടി ആവർത്തിച്ചു. കമ്മ്യൂണിക്കേഷൻ സ്കിൽസ് എന്ന പേപ്പറിലാണിത്. 15 മാർക്കിനുള്ള കേസ് സ്റ്റഡി പോലും സമാനം. 60 മാർക്കിന്റെ പരീക്ഷയിൽ 30 മാർക്കിന്റെ ചോദ്യങ്ങൾ ജനുവരിയിലേതിന്റെ തനിയാവർത്തനം.

സെക്ഷൻ എ-യിൽ 15 മാർക്കിന്റെ ചോദ്യങ്ങളും, സെക്ഷൻ സി-യിൽ മുഴുവൻ മാർക്കിന്റെ ചോദ്യങ്ങളും ആവർത്തനമാണ്. ചട്ടപ്രകാരം, കോഴ്‌സ് പഠിപ്പിക്കുന്ന അദ്ധ്യാപകൻ സമർപ്പിക്കുന്ന മൂന്ന് സെറ്റ് ചോദ്യങ്ങൾ വകുപ്പ് മേധാവിയും ഒരദ്ധ്യാപകനും ഫാക്കൽറ്റി അഡ്വൈസറുമടങ്ങിയ സമിതിസൂക്ഷ്‌മ പരിശോധനയിലൂടെ അംഗീകരിക്കുകയും, അതിൽ നിന്ന് ഒരു ചോദ്യപേപ്പർ വകുപ്പ് മേധാവി തിരഞ്ഞെടുക്കുകയും വേണം. സൂക്ഷ്‌മ പരിശോധന നടക്കാത്തതാണ് ചോദ്യം ആവർത്തിക്കാനിടയാക്കിയത്.വിദ്യാർത്ഥികളുടെ ആശയവിനിമയശേഷി പരിശോധിക്കാനാണ് കേസ് സ്റ്റഡി. വിവിധ രൂപത്തിലുള്ള കേസ് സ്‌റ്റഡികൾ ഉപയോഗിക്കാമെന്നിരിക്കെയാണ് മുൻപരീക്ഷയിലേത് കോപ്പിയടിച്ചത്.

14 വർഷമായി കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരാണ് ചോദ്യം തയ്യറാക്കിയതെന്നാണ് വിവരം. എം.ബി.എ സി.എസ്.എസ് ജനറൽ, ട്രാവൽ ആൻഡ് ടൂറിസം, ഈവനിംഗ് റഗുലർ എന്നീ മൂന്ന് കോഴ്സുകൾക്ക് പൊതുവായുള്ള പേപ്പറാണിത്.കഴിഞ്ഞ മേയിലും കേരള സർവകലാശാലയിലെ പരീക്ഷാനടത്തിപ്പിൽ വീഴ്ചകളുണ്ടായിരുന്നു. ബിഎ ഇംഗ്ലീഷ് അവസാന സെമസ്​റ്റർ പരീക്ഷയ്ക്ക് മുൻവർഷത്തെ ചോദ്യപേപ്പർ അതേപടി നൽകി. ബി.എസ്‌സി ഇലക്ട്രോണിക്സ് പരീക്ഷയിലെ സിഗ്നൽസ് ആൻഡ് സിസ്റ്റംസ് പ്രത്യേക പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം ഉത്തര സൂചിക നൽകി.

തിരക്കിട്ട് പരീക്ഷകൾ നടത്തേണ്ടിവന്നതു കാരണമുണ്ടായ അബദ്ധമാണെന്നായിരുന്നു വി.സി ഗവർണർക്ക് വിശദീകരണം നൽകിയത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചപ്പോൾ, പരീക്ഷാ കൺട്രോളറേയും കൺട്രോളറുടെ കോൺഫിഡൻഷ്യൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരേയും താക്കീത് ചെയ്യാനും. പുനഃപരീക്ഷ നടത്താനുള്ള തുക ഇവരിൽ നിന്നീടാക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. മുൻവർഷത്തെ ചോദ്യപേപ്പർ അതേപടി നൽകിയ അദ്ധ്യാപകനെ പരീക്ഷാ ചുമതലകളിൽ നിന്ന് സ്ഥിരമായി ഡീബാർ ചെയ്യാനും തീരുമാനിച്ചിരുന്നു

Share
അഭിപ്രായം എഴുതാം