പെൺകുട്ടികളെയല്ല, പ്രശ്നക്കാരെയാണ് പൂട്ടിയിടേണ്ടതെന്ന് ഹൈക്കോടതി

കൊച്ചി: കോളേജ് ഹോസ്റ്റലുകളിൽ ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണങ്ങൾ പെൺകുട്ടികൾക്കെന്തിനെന്ന് ഹൈക്കോടതി. രാത്രി 9.30 നു ശേഷം വിദ്യാർത്ഥിനികൾ ഹോസ്റ്റലിൽ നിന്ന് പുറത്തു പോകുന്നത് വിലക്കിയ ഉത്തരവിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ അഞ്ചു വിദ്യാർത്ഥിനികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ചോദ്യം.

രക്ഷിതാക്കളുടെ അപേക്ഷയനുസരിച്ച് വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഉത്തരവെന്ന് അധികൃതർ പറയുന്നു. പെൺകുട്ടികളെയല്ല, പ്രശ്നക്കാരെയാണ് പൂട്ടിയിടേണ്ടത്. കാസർകോട് കേന്ദ്ര സർവകലാശാല, കോഴിക്കോട് ഐ.ഐ.എം, പാലക്കാട് ഐ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിലും സംസ്ഥാനത്തിനു പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരം നിയന്ത്രണങ്ങളില്ല. അവിടെ കുട്ടികൾ പഠിക്കുന്നില്ലേ? അവർക്കു രക്ഷിതാക്കളില്ലേ? ഡൽഹിയിലെ ജെ.എൻ.യുവൊക്കെ 24 മണിക്കൂറും സജീവമാണ്. യുക്രെയിനിലെ യുദ്ധ ഭൂമിയിൽ നിന്ന് സുരക്ഷിതരായി മടങ്ങിയെത്തിയ പെൺകുട്ടികളുണ്ട്. പെൺകുട്ടികളെ വില കുറച്ചു കാണരുത്. രാത്രി 9.30 എന്ന സമയം എങ്ങനെയാണ് നിശ്ചയിച്ചത് ? കാമ്പസുകളിൽ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരാണ്. വിദ്യാർത്ഥിനികളെ പൂട്ടിയിട്ടാൽ പ്രശ്നങ്ങളില്ലാതാവില്ല. പരിഷ്‌കൃത സമൂഹത്തിനു യോജിച്ച നടപടിയല്ലിതെന്നും സിംഗിൾബെഞ്ച് പറഞ്ഞു.

വിലക്കേർപ്പെടുത്തിയതിൽ ലിംഗ വിവേചനമില്ലെന്ന് സർക്കാർ വിശദീകരിച്ചു. ഹോസ്റ്റലുകളിൽ നിന്ന് രാത്രി 9.30 നുശേഷം ആൺകുട്ടികളും പെൺകുട്ടികളും പുറത്തു പോകുന്നതു വിലക്കിയാണ് ഉത്തരവ്. എന്നാൽ, ആൺകുട്ടികളുടെ ഹോസ്റ്റലുകളിൽ ഇതു പാലിക്കുന്നുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. മാറി ചിന്തിക്കാനെന്തിനാണ് ഭയപ്പെടുന്നത് ? ഹർജിയിൽ വനിതാകമ്മിഷൻ മറുപടി സത്യവാങ്മൂലം നൽകാനും നിർദ്ദേശിച്ചു. ഈ വിഷയം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് സർക്കാർ വിശദീകരിച്ചു. ഹർജി 2022 ഡിസംബർ 15 ലേക്ക് മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →