ലഖിംപുര്‍ ഖേരി: മന്ത്രിപുത്രന്‍ വിചാരണ നേരിടണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് മേല്‍ എസ്.യു.വി ഓടിച്ചുകയറ്റിയെന്ന കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി. നാലു കര്‍ഷകര്‍ കൊല്ലപ്പെട്ട കേസില്‍ മന്ത്രി പുത്രന് പുറമേ സഹപ്രതികളും വിചാരണ നേരിടേണ്ടിവരും. മുഴുവന്‍ പ്രതികള്‍ക്കെതിരേയും കോടതി ഇന്ന് കുറ്റം ചുമത്തും.

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധമാര്‍ച്ച് നടത്തിവന്ന കര്‍ഷകര്‍ക്കിടയിലേക്കാണ് മഹീന്ദ്ര ഥാര്‍ എസ്.യു.വി. പാഞ്ഞുകയറിയത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മൂന്നിനായിരുന്നു ഇത്. നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. രോഷാകുലരായ മറ്റ് കര്‍ഷകര്‍ ഡ്രൈവറെയും രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെയും കൈകാര്യം ചെയ്തു.

പ്രക്ഷോഭം അവസാനിപ്പിച്ചില്ലെങ്കില്‍ ”രണ്ട് മിനിറ്റിനുള്ളില്‍ കര്‍ഷകരെ ശരിയാക്കുമെന്ന്” ലഖിംപൂര്‍ഖേരി സംഭവത്തിനു ദിവസങ്ങള്‍ക്ക് മുമ്പ്, അജയ് മിശ്ര പ്രസംഗത്തില്‍ ഭീഷണി മുഴക്കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ജൂനിയര്‍ മിശ്ര അറസ്റ്റിലാകുന്നത്. അതും സുപ്രീം കോടതി ഇടപെട്ടശേഷം. കഴിഞ്ഞ ഏപ്രില്‍ 18 ന് ആശിഷ് മിശ്രയ്ക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. തെളിവുകളിലെ അപാകത അലഹാബാദ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ഇരകള്‍ക്ക് വേണ്ടവിധം വാദങ്ങളുയര്‍ത്താന്‍ പോലും കഴിഞ്ഞില്ലെന്നും സുപ്രീംകോടതി ആ ഘട്ടത്തില്‍ നിരീക്ഷിച്ചിരുന്നു.

കര്‍ഷകരെ കാര്‍ ഇടിച്ചിടുന്നതിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും യു.പി. സര്‍ക്കാരിനുമെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.നേരത്തെ, ലഖിംപൂര്‍ഖേരി അക്രമത്തെക്കുറിച്ചുള്ള അന്വേഷണം നിരീക്ഷിക്കാന്‍ റിട്ട. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജി രാകേഷ് കുമാര്‍ ജെയിന്‍ അധ്യക്ഷനായ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →