വിധി അറിയാന്‍ ഇനി ഒരുദിവസം കൂടി: ഗുജറാത്ത് പറയുന്നത്

15ാം ഗുജറാത്ത് നിയമസഭയിലേക്ക് 182 അംഗങ്ങളില്‍ 89 പേരെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്ന് വ്യാഴാഴ്ചയും 93 സീറ്റുകളുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ അഞ്ച് തിങ്കളാഴ്ചയുമാണ് നടന്നത്. ഇനി വിധി അറിയണം. ഇനി ഗുജറാത്തിലെ ജനം വിധിയെഴുതി കാത്തിരിക്കുകയാണ് ഡിസംബര്‍ എട്ടിലെ വിധി അറിയാന്‍. 27 വര്‍ഷത്തെ ഭരണം നിലനിര്‍ത്താനാകുമോയെന്നാണ് ബിജെപി നോക്കുന്നത്. അട്ടിമറിയിലൂടെ ബിജെപിയെ ഞെട്ടിക്കാന്‍ പറ്റുമോയെന്ന് ആം ആദ്മി, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും.

അടിത്തട്ടിലിറങ്ങിയ കോണ്‍ഗ്രസ്

അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുന്ന തന്ത്രമാണ് ഇത്തവണ കോണ്‍ഗ്രസ് സ്വീകരിച്ചത്. 65 ലക്ഷം പേരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച പ്രകടനപത്രിക എല്ലാവരിലേക്കും എത്തിക്കാനും ശ്രമിച്ചു.ഓരോ ബൂത്തിലും അഞ്ച് മുഴുവന്‍സമയപ്രവര്‍ത്തകര്‍വഴി പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കുകയിരുന്നു പ്രധാന ലക്ഷ്യം.കോണ്‍ഗ്രസ് പരിവര്‍ത്തന്‍ സങ്കല്പ് യാത്രകള്‍ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും എത്തിയിട്ടുണ്ട്. രൂക്ഷമായ വിലക്കയറ്റം, മത്സരപരീക്ഷകളിലെ അഴിമതി, മോര്‍ബി ദുരന്തം പുറത്തുകൊണ്ടുവന്ന സ്വകാര്യകമ്പനിവാഴ്ച, കോവിഡ് കൈകാര്യംചെയ്തതിലെ പാളിച്ച തുടങ്ങിയ വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് ദൗത്യം. അഞ്ഞൂറുരൂപയ്ക്ക് ഗ്യാസ് സിലിന്‍ഡറുകളും തൊഴില്‍രഹിതവേതനവുംപോലുള്ള വാഗ്ദാനങ്ങള്‍ നിരത്തി വോട്ടുനേടാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടുണ്ട്.തെരുവുകാലി നിയന്ത്രണനിയമത്തിനെതിരേ ഒ.ബി.സി.കളായ പശുപാലകസമുദായത്തിനുള്ള രോഷം ബി.ജെ.പി.ക്ക് വിനയാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ട്. ഏഴ് സിറ്റിങ് ണ്ടഎം.എല്‍.എ.മാരെമാത്രമേ മാറ്റിയിട്ടുള്ളൂ. വഗേലയുടെ മകനടക്കം ബി.ജെ.പി. വിട്ടുവന്ന രണ്ടുപേര്‍ക്ക് സീറ്റുനല്‍കി.1995-നുശേഷം ക്രമമായി വോട്ടുവിഹിതം കൂടിവരുന്നത് കോണ്‍ഗ്രസിന് പ്രതീക്ഷനല്‍കുന്ന ഘടകമാണ്.

വാഗ്ദാനങ്ങളുടെ എഎപി

വാഗ്ദാനങ്ങളുടെ പെരുമഴയുമായാണ് എഎപി എത്തിയത്. മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാളും ഭഗവന്ത്‌സിങ് മനും ഗുജറാത്തിലെ എല്ലാ ജില്ലയിലും പലവട്ടം പ്രചാരണംനടത്തി.ആപ്പ് പിടിക്കുന്നത് ആരുടെ വോട്ടുകളായിരിക്കുമെന്ന ആശങ്കയിലാണ് എല്ലാവരും. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ അനുഭവംവെച്ച് കോണ്‍ഗ്രസിനാകും ക്ഷീണമെന്ന് ബി.ജെ.പി. കരുതുന്നു. പക്ഷേ, നഗരങ്ങളില്‍ തങ്ങള്‍ക്ക് ഒരിക്കലും കിട്ടാത്ത 66 സീറ്റുണ്ടെന്നും അവിടെ ബി.ജെ.പി.യുടെ വോട്ടാണ് ആം ആദ്മി പാര്‍ട്ടി കൊണ്ടുപോവുകയെന്നുമാണ് കോണ്‍ഗ്രസ് നേതാവ് പരേശ് ധാനാണി പറയുന്നത്.

സൗരാഷ്ട്ര കിട്ടിയാല്‍ അധികാരം ഒപ്പം പോരുമോ?

ഗുജറാത്ത് രാഷ്ട്രീയത്തില്‍ സൗരാഷ്ട്ര പിടിച്ചാല്‍ അധികാരം പിടിക്കാന്‍ എളുപ്പമാണെന്നാണ് വിലിയിരുത്തപ്പെടാറുള്ളത്. ഗുജറാത്തിലെ 11 ജില്ലകള്‍ സൗരാഷ്ട്ര പ്രദേശത്തില്‍ ഉള്‍പ്പെടുന്നു. ഒന്നാം ഘട്ടത്തില്‍ കച്ചിനൊപ്പം വിധിയെഴുതിയ പ്രദേശമാണ് സൗരാഷ്ട്ര. ഗുജറാത്ത് പര്യടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയ സ്ഥലങ്ങളിലൊന്നും ഇതാണ്.സൗരാഷ്ട്രയില്‍ 2017ലെ നിയമസഭയില്‍ മാത്രമാണ് ബിജെപിക്ക് ചെറിയ തിരിച്ചടി നേരിടേണ്ടി വന്നത്. ഈ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 48 സീറ്റുകളില്‍ 28 മണ്ഡലത്തിലും മൂവര്‍ണക്കൊടി പാറിക്കാന്‍ അന്ന് കോണ്‍ഗ്രസിനായിരുന്നു.2002നും 2012നും ഇടയില്‍ സൗരാഷ്ട്രയില്‍ നിന്നുള്ള ഫലങ്ങള്‍ കാണിക്കുന്നത് ബിജെപി ശക്തി പ്രാപിക്കുന്നുവെന്നാണ് എന്നാല്‍ 2017ല്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താനായെങ്കിലും പാട്ടിദാര്‍ സംവരണ പ്രസ്ഥാനവും ഗ്രാമീണ സൗരാഷ്ട്രയിലെ കര്‍ഷകരുടെ അതൃപ്തിയും കാരണം സൗരാഷ്ട്രയില്‍ വന്‍ നഷ്ടം നേരിടേണ്ടി വരികയും കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ സൗരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ റാലികള്‍ നടത്തിയതെന്നതും ശ്രദ്ധേയമാണ്.2017ല്‍ സൗരാഷ്ട്രയിലെ അമ്രേലി, മോര്‍ബി, ഗിര്‍സോമനാഥ് എന്നീ മൂന്ന് ജില്ലകളിലെ എല്ലാ സീറ്റുകളിലും ബിജെപി പരാജയപ്പെട്ടപ്പോള്‍ ജുനഗഡ്, പോര്‍ബന്തര്‍ ജില്ലകളില് ബിജെപിക്ക് ഓരോ സീറ്റ് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ സൗരാഷ്ട്രയിലെ ആകെയുള്ള 48 സീറ്റുകളില്‍ 28 സീറ്റും കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപി 19 സീറ്റുകള്‍ മാത്രമാണ് നേടിയത്.നിലവില്‍ കോണ്‍ഗ്രസില്‍ നിന്നും പല നേതാക്കളും ബിജെപിയില്‍ ചേക്കേറുകയും ഉപതെരഞ്ഞെടുപ്പുകളിലൂടെ സീറ്റുകള്‍ നഷ്ടപ്പെടുകയുമുണ്ടായി.

സൗരാഷ്ട്രയിലെ മണ്ഡലങ്ങളും മുന്‍ വര്‍ഷങ്ങളിലെ വിധിയും

ജംനഗര്‍ നോര്‍ത്ത് (ജംനഗര്‍): ബിജെപിയുടെ റിവാബ ജഡേജയും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും കോണ്‍ഗ്രസിന്റെ ബിപേന്ദ്രസിങ് ജഡേജയും ആം ആദ്മി പാര്‍ട്ടിയുടെ കര്‍സന്‍ കര്‍മൂരും തമ്മിലുള്ള പോരാട്ടമാണ് ജംനഗര്‍ നോര്‍ത്തില്‍ നടക്കുന്നത്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹിര്‍ ജീവന്‍ഭായ് കരുഭായ് കുംഭര്‍വാദിയയെ പരാജയപ്പെടുത്തി സീറ്റ് നേടിയ സിറ്റിങ് എംഎല്‍എ ധര്‍മേന്ദ്രസിന്‍ഹ് മേരുഭയെ ബിജെപി ഇത്തവണ ഒഴിവാക്കി. തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന റിവാബ ബിജെപിയില്‍ നിന്ന് മത്സരിക്കുകയും ഭര്‍തൃ സഹോദരിയും ഭര്‍തൃ പിതാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് വേണ്ടി പ്രചാരണം നടത്തുകയും ചെയ്തതോടെ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ പോരിനെ ചൊല്ലിയാണ് സീറ്റ് ശ്രദ്ധേയമായത്.

മോര്‍ബി: 130ലധികം പേരുടെ ജീവന്‍ അപഹരിച്ച തൂക്കുപാലം നദിയിലേക്ക് മറിഞ്ഞുവീണ ദാരുണമായ സംഭവത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് പട്ടികയില്‍ രണ്ടാമത്തെ ശ്രദ്ധ കേന്ദ്രമാണ് മോര്‍ബി. കോണ്‍ഗ്രസിന്റെ ജയന്തിലാല്‍ ജെരാജ്ഭായ് പട്ടേലിനും ആം ആദ്മി പാര്‍ട്ടിയുടെ പങ്കജ് രന്‍സാരിയയ്ക്കും എതിരെ കാന്തിലാല്‍ അമൃതിയയെയാണ് ബിജെപി രംഗത്തിറക്കിയിട്ടുള്ളത്. സിറ്റിങ് എംഎല്‍എയും കാബിനറ്റ് മന്ത്രിയുമായ ബ്രിജേഷ് മെര്‍ജയെ മാറ്റി നിര്‍ത്തിയാണ് അവസരം കാന്തിലാലിന് നല്‍കിയത്.പ്രചാരണ സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ മോര്‍ബി സംഭവത്തിലെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാലും ചരിത്രം പരിശോധിച്ചാല്‍ 1995, 1998, 2002, 2007, 2012 വര്‍ഷങ്ങളില്‍ ബിജെപി മോര്‍ബി അസംബ്ലി സീറ്റ് നേടിയിട്ടുണ്ട്. 2017ല്‍ കോണ്‍ഗ്രസിലായിരുന്ന മെര്‍ജയോട് അമൃതിയ തോറ്റിരുന്നു. എന്നാല്‍ മെര്‍ജ പിന്നീട് ബിജെപിയില്‍ ചേരുകയും മോര്‍ബിയില്‍ നിന്ന് വീണ്ടും ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.

ഖംബലിയ (ദേവഭൂമി ദ്വാരക): ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുദന്‍ ഗധ്വി മത്സരിക്കുന്ന ഈ സീറ്റില്‍ ബിജെപിയുടെ മുലു അയര്‍ ബേരയും കോണ്‍ഗ്രസിന്റെ വിക്രം മാഡവും മത്സരിക്കുന്നതിനാല്‍ ഈ സീറ്റിലെ തെരഞ്ഞെടുപ്പ് ഫലം വളരെ പ്രധാനമാണ്. ബിജെപിയും എഎപിയും കോണ്‍ഗ്രസും തമ്മില്‍ ഇവിടെ ത്രികോണ പോരാട്ടം നടക്കുമെന്നാണ് കരുതുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥി അഹിര്‍ വിക്രംഭായ് അര്‍ജന്‍ഭായ് മാഡം 2017ല്‍ ഇവിടെ വിജയിച്ചതിനാല്‍ ഇത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായും പറയപ്പെടുന്നുണ്ട്. എന്നാല്‍ 2022ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റി.

രാജ്കോട്ട് വെസ്റ്റ് (രാജ്‌കോട്ട്): പ്രധാനമന്ത്രി നരേന്ദ്ര മോദി 2002 ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച മണ്ഡലമാണ് രാജ്കോട്ട് വെസ്റ്റ്. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും 2017ലെ നിയമസഭാ തരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ദിനേശ് ജോഷിക്കും കോണ്‍ഗ്രസിന്റെ മന്‍സുഖ് ഭായിക്കും എതിരെ രണ്ട് തവണ ഡെപ്യൂട്ടി മേയറായ ദര്‍ശിത ഷായാണ് ബിജെപി സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിപ്പിക്കുന്നത്.

ദേവഭൂമി ദ്വാരക: കഴിഞ്ഞ 32 വര്‍ഷത്തിനിടെ ഒരു തെരഞ്ഞെടുപ്പില്‍ പോലും തോല്‍ക്കാത്ത ബിജെപി സ്ഥാനാര്‍ഥി പബുഭ മനേകിനെതിരെ കോണ്‍ഗ്രസിന്റെ മാലുഭായ് കണ്ടോറിയ, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി നകം ലഖ്മന്‍ഭായ് ബോഗാഭായ് എന്നിവരാണ് ദ്വാരകയില്‍ മാറ്റുരക്കുന്നത്. ആദ്യ മൂന്ന് തെരഞ്ഞെടുപ്പുകളിലും സ്വതന്ത്രനായി വിജയിച്ച മനേക് (1990, 95, 98), പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് 2002ല്‍ സീറ്റ് നേടി. പിന്നീട് 2007, 2012, 2017 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ചു. 2017ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ 5,739 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ അഹിര്‍ മെര്‍മാന്‍ മര്‍ഖിയെ പരാജയപ്പെടുത്തിയാണ് മനേക് സീറ്റ് നേടിയത്.

തലാല (ഗിര്‍ സോമനാഥ്): ആം ആദ്മി പാര്‍ട്ടിയുടെ ദേവേന്ദ്ര സോളങ്കി, കോണ്‍ഗ്രസിന്റെ മാന്‍സിന്‍ ദോദിയ, ബിജെപിയുടെ ഭഗവാന്‍ ബരാദ് എന്നിവരാണ് തലാലയില്‍ ജനവിധി തേടുന്നത്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബരാദ് ഇവിടെ വിജയിച്ചിരുന്നു. തലാല ഗിര്‍ സോമനാഥ് ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവച്ച അദ്ദേഹം ബിജെപിയില്‍ ചേരുകയും അതേ സീറ്റില്‍ നിന്ന് മത്സരിക്കുകയുമായിരുന്നു. അഹിര്‍ സമുദായത്തിലെ സ്വാധീനമുള്ള നേതാവായ ബരാദ് 2007ലും 2017ലും തലാല മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.

കതര്‍ഗാം (സൂറത്ത്): പാട്ടിദാര്‍ നേതാവും എഎപിയുടെ സംസ്ഥാന അധ്യക്ഷനുമായ ഗോപാല്‍ ഇറ്റാലിയയെ മത്സരിപ്പിക്കുന്ന കനത്ത പോരാട്ടത്തിനാണ് ഇത്തവണ ഈ സീറ്റ് സാക്ഷ്യം വഹിക്കുന്നത്. 2015ലെ പാട്ടിദാര്‍ ക്വോട്ട പ്രക്ഷോഭത്തില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പ്രജാപതി സമുദായത്തില്‍പ്പെട്ട (ഒബിസി) കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കപ്ലേഷ് വാരിയയെയും ബിജെപി സ്ഥാനാര്‍ത്ഥി വിനോദ്ഭായ് അമരീഷ്ഭായ് മൊര്‍ദിയയെയുമാണ് അദ്ദേഹം ഈ തെരഞ്ഞെടുപ്പില്‍ നേരിടുക.

പോര്‍ബന്തര്‍: സിറ്റിങ് എംഎല്‍എയും നാല് തവണ തോരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുമുള്ള ബാബു ബൊഖിരിയയെ വീണ്ടും ബിജെപി രംഗത്തിറക്കിയ പോര്‍ബന്തര്‍ സീറ്റില്‍ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അര്‍ജുന്‍ മോദ്വാഡിയ, ആം ആദ്മി പാര്‍ട്ടിയുടെ ജീവന്‍ ജുന്‍ഗി എന്നിവരോടാണ് അദ്ദേഹം മത്സരിക്കുന്നത്. 1995, 1998, 2012, 2017 വര്‍ഷങ്ങളില്‍ ബൊഖിരിയ സീറ്റ് നേടിയിരുന്നു. 2002ലും 2007ലും ബൊഖിരിയയെ മുന്‍ ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അര്‍ജുന്‍ മോധ്വാദിയ പരാജയപ്പെടുത്തി. ഇരുവരും ഇത്തവണയും മുഖാമുഖമാണ് മത്സരിക്കുന്നത്.

കുടിയാന (പോര്‍ബന്തര്‍): അന്തരിച്ച ഡോണ്‍ സന്തോക്ബെന്‍ സര്‍മാന്‍ഭായ് ജഡേജയുടെ മകന്‍ കന്ദല്‍ഭായ് ജഡേജ സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്ന സീറ്റാണ് കുടിയാന. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍സിപി ടിക്കറ്റില്‍ വിജയിച്ച അദ്ദേഹം, ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അടുത്തിടെ പാര്‍ട്ടി വിട്ടു. ബിജെപിയുടെ ദേലിബെന്‍ ഒഡെദ്ര, എഎപിയുടെ ഭീമാഭായ് മക്വാന, കോണ്‍ഗ്രസിന്റെ നതാഭായ് ഒഡെദ്ര എന്നിവരോടാണ് അദ്ദേഹം മത്സരിക്കുന്നത്.

സൂറത്തിലെ വിധിയും നിര്‍ണായകം

ദക്ഷിണ ഗുജറാത്തിലെ പ്രധാന കേന്ദ്രമാണ് സൂറത്ത്. സംസ്ഥാന ബിജെപി അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ സൂറത്തില്‍ നിന്നുള്ളയാളാണ്. ഗുജറാത്ത് മന്ത്രിസഭയിലെ ഏറ്റവും ശക്തനായ മന്ത്രിയെന്ന് അറിയപ്പെടുന്ന ഹര്‍ഷ് സാംഘ്വിയും ഇതേ നാട്ടുകാരന്‍. ഭൂമിശാസ്ത്രപരമായി രണ്ട് പ്രദേശങ്ങളും അകലെയാണെങ്കിലും സൂറത്തിനെയും സമീപ മണ്ഡലങ്ങളെയും സൗരാഷ്ട്രയിലെ ചലനങ്ങള്‍ സ്വാധീനിക്കും. സൗരാഷ്ട്രയില്‍ നിന്നുള്ള സൂറത്തിലെ ദശലക്ഷക്കണക്കിന് ഡയമണ്ട് പോളിഷിങ് തൊഴിലാളികളാണ് അതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നത്. സൂറത്തില്‍ നിന്ന് സൗരാഷ്ട്രയിലേക്കും തിരിച്ചുമൊക്കെ സ്വാധീനം ചെലുത്താന്‍ ഇവര്‍ക്കാവുമെന്ന് ചുരുക്കം.2015-ലെ പാട്ടിദാര്‍ അനാമത്ത് പ്രക്ഷോഭം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഹാര്‍ദിക് പട്ടേലിനെ രാജ്യത്തുടനീളം അറിയാന്‍ ഇടയാക്കിയിട്ടുണ്ട്. വജ്രം മിനുക്കിയ തൊഴിലാളികള്‍ക്കിടയില്‍ ഇദ്ദേഹത്തിന് നേരത്തെ നല്ല സ്വാധീനമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായ ഇദ്ദേഹത്തെ ഫലം എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം. 2021 ഫെബ്രുവരിയിലെ നഗരസഭ തെരഞ്ഞെടുപ്പില്‍, എഎപി 28ശതമാനം വോട്ട് ഷെയറും 27 സീറ്റുകളും നേടിയിട്ടുള്ളതുകൂടി കണക്കിലെടുക്കുമ്പോള്‍ വിധി പ്രവചനങ്ങള്‍ക്കും അപ്പുറമായേക്കും.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →