‘വിഴി‌ഞ്ഞം’അടിയന്തരപ്രമേയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും, ഗൗരവമുള്ള വിഷയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട സംഘര്‍ഷം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗൗരവമുള്ള വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. 06/12/22 ചൊവ്വാഴ്ച ഉച്ചക്ക് 1 മണി മുതല്‍ രണ്ട് മണിക്കൂറാണ് ചര്‍ച്ച. 130 ദിവസത്തിലധികമായി മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രദേശത്ത് നിലനില്‍ക്കുന്ന ഗുരുതരമായ സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം വിന്‍സന്റ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

വിഴിഞ്ഞത്ത് 06/12/22 ചൊവ്വാഴ്ചയും സമവായ നീക്കങ്ങൾ തുടരും. 05/12/22 തിങ്കളാഴ്ച മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും തമ്മിൽ ചർച്ച നടത്തിയെങ്കിലും സമരസമിതിയുമായി ചർച്ച നടത്താനായിരുന്നില്ല. കൃത്യമായ ഉറപ്പ് സർക്കാരിൽ നിന്ന് ലഭിക്കുകയാണെങ്കിലേ ചർച്ചയ്ക്കുള്ളൂ എന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്. തുടർചർച്ചകൾ നടത്തി ഇക്കാര്യങ്ങൾ സമരസമിതിയെ അറിയിക്കാനാണ് സർക്കാർ നീക്കം. ഇതിന് ശേഷം 06/12/22 ചൊവ്വാഴ്ച വൈകീട്ടോടെ മന്ത്രിസഭാ ഉപസമിതിയും സമരസമിതിയും തമ്മിൽ ചർച്ച നടത്താനാണ് ശ്രമം. ഈ ചർച്ച വിജയിച്ചാൽ മുഖ്യമന്ത്രിയും സമരക്കാരെ കണ്ടേക്കും. കഴിഞ്ഞദിവസങ്ങളിലെ അനുരഞ്ജന നീക്കങ്ങൾ വിലയിരുത്താനായി 06/12/22 ചൊവ്വാഴ്ചയും സമരസമിതി യോഗം ചേരും.

Share
അഭിപ്രായം എഴുതാം