കൊച്ചി : കൈത്തറിയുടെ ഈറ്റില്ലമായ ചേന്ദമംഗലം പഞ്ചായത്തിലേക്ക് കെ.എ.സ്.ആർ.ടിസി ഗ്രാമവണ്ടി സർവീസ് ആരംഭിച്ചു.നഷ്ടത്തിലായ കെഎസ്ആർടിസിയെ കരകയറ്റാൻ ആവിഷ്കരിച്ച ഗ്രാമവണ്ടി സർവീസിനാണ് ആണ് എറണാകുളം ജില്ലയിൽ തുടക്കം കുറിച്ചത്.ഗ്രാമവണ്ടിയുടെ ജില്ലയുടെ കന്നിയാത്രയ്ക്ക് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
പാലിയത്തെ രാജവീഥിയിലൂടെ ഗോതുരുത്ത്, കോട്ടയിൽ കോവിലകം, കരിമ്പാടം തുടങ്ങി ചരിത്രമുറങ്ങുന്ന നാട്ടിട റോഡുകളിലൂടെയെല്ലാം സഞ്ചരിച്ച് മാറ്റപ്പാടത്ത് സമാപിക്കുന്ന രീതിയിലാണ് ഗ്രാമവണ്ടിയുടെ സഞ്ചാരപാത. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആരവങ്ങളും പാട്ടുമായിട്ടായിരുന്നു ആദ്യയാത്ര. പഞ്ചായത്തിലെ യാത്രാക്ലേശത്തിന് ഗ്രാമവണ്ടി പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി.
വാഹന സൗകര്യം കുറഞ്ഞ പ്രദേശങ്ങളിലേക്കും, ലാഭകരമല്ലെന്ന് കണ്ടെത്തി ബസ് സർവ്വീസുകൾ വെട്ടി ചുരുക്കിയ ഇടങ്ങളിലേക്കുമായി കെഎസ്ആർടിസി ആവിഷ്കരിച്ച പദ്ധതിയാണ് ഗ്രാമ വണ്ടി. ഇന്ധന ചിലവ് പൂർണ്ണമായും വഹിക്കാമെന്ന് പഞ്ചായത്ത് ഉറപ്പ് നൽകിയതോടെയാണ് ചേന്ദമംഗലത്തേക്ക് ഗ്രാമവണ്ടി എത്തിയത്. തനത് ഫണ്ടിൽ നിന്നും പന്ത്രണ്ട് ലക്ഷം രൂപയാണ് ഗ്രാമ വണ്ടിക്കായി പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്

